ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും പ്രതിഷേധക്കാർക്കെതിരെയുള്ള പോലീസ് അതിക്രമത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സംയുക്ത പ്രതിപക്ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി, ഡിഎംകെ നേതാവ് ടി.ആർ ബാലു, തൃണമൂൽ നേതാവ് ഡെറക് ഒബ്രെയിൻ എന്നിവരും സോണിയക്കൊപ്പം ഉണ്ടായിരുന്നു.
ജനാധിപത്യ അവകാശങ്ങൾക്കായി സമാധാനപരമായി സമരം ചെയ്ത പ്രതിഷേധക്കാർക്കു നേരെയുള്ള പോലീസ് നടപടിയിൽ കടുത്ത വേദനയുണ്ടെന്ന് സോണിയ പറഞ്ഞു. ജാമിയ മില്ലിയ സർവകലാശാലയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽവരെ പോലീസ് കയറി വിദ്യാർഥികളെ നിഷ്കരുണം മർദിച്ചതായും സോണിയ ചൂണ്ടിക്കാട്ടി.
ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഇന്നലെ ഉച്ചയ്ക്കു കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആർജെഡി, സമാജ് വാദി പാർട്ടി, ലോക് താന്ത്രിക് ജനതാദൾ പാർട്ടി നേതാക്കൾ സംയുക്ത പത്രസമ്മേളനം വിളിച്ച് ജാമിയയിലെ പോലീസ് അതിക്രമത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇതു സംബന്ധിച്ച ഹർജി ഇന്ന് പരിഗണിച്ച സുപ്രീം കോടതി ഈ ആവശ്യം തള്ളി. ഇക്കാര്യത്തിൽ ഹൈക്കോടതികളെ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്.