വൈപ്പിൻ: പുതുവൈപ്പിലെ നിർദിഷ്ട എൽപിജി സംഭരണിയുടെ നിർമാണം പുനരാരംഭിച്ചതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഹ്രഹം ആരംഭിച്ചു. ഇന്ന് രാവിലെ മുതൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിട്ടുള്ളത്.
പുതുവൈപ്പിലെ പദ്ധതി കവാടത്തിനു മുന്നിൽ തിങ്കളാഴ്ച പുലർച്ചെ പോലീസ് പൊളിച്ച സമരപ്പന്തലാണ് ഇന്നു രാവിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിനു സമീപം ഉയർന്നിരിക്കുന്നത്. നിരോധനാജ്ഞ ബാധകമല്ലാത്ത വില്ലേജ് ഓഫീസ് പരിസരത്ത് സമരപ്പൽ കെട്ടാനായിരുന്നു ആദ്യ നീക്കമെങ്കിലും റവന്യു വകുപ്പും പോലീസും എതിർത്തതിനാലാണ് മാലിപ്പുറം സ്റ്റോപ്പിനടുത്തേക്ക് മാറ്റിയത്.
പദ്ധതിക്കെതിരേ കഴിഞ്ഞ 10 വർഷമായി നാട്ടുകാർ സമരത്തിലാണ്. മൂന്ന് വർഷം മുന്പാണ് കവാടത്തിനു മുന്നിൽ സമരപ്പന്തൽ കെട്ടി അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചത്. ഇതിനുശേഷം നിരവധി സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. ഇതിനിടെ ഉണ്ടായ ലാത്തിച്ചാർജിൽ നിരവധി സമരാനുകൂലികൾക്ക് പരിക്കേറ്റിരുന്നു. പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും രംഗത്തെത്തിയതോടെയാണ് പിന്നീട് പദ്ധതി നിർത്തിവച്ചത്. ഇതാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ ജില്ലാകളക്ടർ ഈ മേഖലയിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും പോലീസ് സന്നാഹമെത്തി സമരപ്പന്തൽ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെയും പോലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് 21ന് സമരസമിതി നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി പ്രവർത്തകർ അറസ്റ്റ് വരിക്കും.
രാവിലെ 7.30ന് പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപത്ത് നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. സമരസമിതിയുടെ അടിയന്തിര ജനറൽ ബോഡിയാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സമരമുഖം കൂടുതൽ കടുപ്പിക്കാനായി വീട് വീടാന്തരം കയറി ഇറങ്ങി കൂടുതൽ പേരെ സമര മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ആശങ്ക വേണ്ടെന്ന് ഐഒസി
കൊച്ചി: പുതുവൈപ്പ് എൽപിജി ഇറക്കുമതി ടെർമിനലിന്റെ നിർമാണം പുനരാരംഭിച്ച സാഹചര്യത്തിൽ സുരക്ഷാകാര്യത്തിൽ യാതൊരുവിധ ആശങ്കയും വേണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ആഗോള നിലവാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് പുതുവൈപ്പ് ടെർമിനലിൽ സ്വീകരിച്ചിരിക്കുന്നതെന്നും ഐഒസി അധികൃതർ വ്യക്തമാക്കി. പ്രതിവർഷം 75,000 ബൾക്ക് എൽപിജി ബുള്ളറ്റ് ട്രക്കുകളാണ് കേരളത്തിലെ തിരക്കേറിയ റോഡുകളിലൂടെ മംഗലാപുരത്തിനും തിരിച്ചും ഓടിക്കൊണ്ടിരിക്കുന്നത്.
ഇതു വളരെ അപകടകരമായ ഒരു പ്രക്രിയയാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ കേരളത്തിലെ എൽപിജി ബുള്ളറ്റ് ട്രക്ക് റോഡപകടങ്ങൾ 61 എണ്ണത്തിലേറെയാണ്. ഇറക്കുമതി ചെയ്യുന്ന എൽപിജി പൈപ്പ് ലൈൻ വഴി വിവിധ ബോട്ടിലിംഗ് പ്ലാന്റുകളിൽ എത്തിക്കുന്നതിനു പുതുവൈപ്പ് ടെർമിനൽ അനിവാര്യമാണെന്നും ഐഒസി അധികൃതർ അറിയിച്ചു.
ഇന്ത്യൻ ഓയിൽ കൊച്ചി-സേലം പൈപ്പ് ലൈൻ (കെഎസ്പിപിഎൽ) സംയുക്ത സംരംഭത്തിന്റെ ആഭിമുഖ്യത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ ജോലികൾ പുരോഗമിച്ചുവരികയാണ്. എൽപിജി ഇറക്കുമതി ടെർമിനൽ പൂർത്തിയാക്കുന്ന മുറയ്ക്ക് എൽപിജി പൈപ്പ് ലൈൻ വഴി എത്തിക്കാൻ കഴിയും. മൊത്തം ചെലവിന്റെ മൂന്നിലൊന്ന് ടെർമിനലിന്റെ സുരക്ഷയ്ക്കുവേണ്ടി ചെലവാക്കുന്നു.
തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ പ്രതിഷേധക്കാർ അവസാനിപ്പിക്കണം. പാചകവാതക ആവശ്യം നിറവേറ്റാൻ പുതുവൈപ്പ് പദ്ധതി തന്നെയാണ് സുരക്ഷിതം. റീഫിൽ സിലിണ്ടറിനുവേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനും ഇത് ആവശ്യമാണെന്നും ഐഒസി പറയുന്നു.