വിശാഖപട്ടണം: വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു വിജയം. 107 റണ്‍സിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 387 റണ്‍സെടുത്തപ്പോൾ, വിൻഡീസിന്റെ മറുപടി 43.3 ഓവറിൽ 280 റണ്‍സിൽ അവസാനിച്ചു.
കുൽദീപ് യാദവിന്റെ ഹാട്രിക്കാണ് വിൻഡീസ് ബാറ്റിംഗിനെ തകർത്തത്. ഇതോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ വിൻഡീസിനൊപ്പമെത്തി. പരന്പരയിലെ നിർണായകമായ മൂന്നാം മത്സരം 22-ന് കട്ടക്കിൽ നടക്കും.തുടർച്ചയായി രണ്ടാം തവണയും ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
ഓപ്പണിംഗ് വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് രോഹിത് ശർമ- കെ.എൽ. രാഹുൽ സഖ്യം നല്കിയ ആധിപത്യം അവസാന ഓവറുകളിലെ ഋഷഭ് പന്തും ശ്രേയസ് അയ്യറും തകർത്തടിച്ചതാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നല്‍കിയത്. ഇതിനിടെ 400-ാം രാജ്യാന്തര മത്സരത്തിനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഗോൾഡൻ ഡക്ക് ഇന്ത്യക്കു നിരാശ നല്കി.
ഇന്ത്യക്കായി രോഹിത് ശർമ (159), ലോകേഷ് രാഹുൽ (102) എന്നിവർ സെഞ്ചുറി നേടി. ഇരുവരും പടുത്തുയർത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് (227) കൂറ്റൻ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. വ്യക്തിഗത സ്കോർ 70-ൽ നിൽക്കെ റോസ്റ്റണ്‍ ചേസിന്റെ പന്തിൽ രോഹിത് ശർമ നൽകിയ അനായാസ ക്യാച്ച് ഷിംറോണ്‍ ഹെറ്റ്മയർ കൈവിട്ടിരുന്നു. ഇന്ത്യയുടെ രോഹിത് 138 പന്തിൽ 17 ഫോറും അഞ്ചു സിക്സും സഹിതമാണ് 159 റണ്‍സെടുത്തത്.
അവസാന ഓവറുകളിൽ റണ്ണടിച്ചുകൂട്ടിയ ഋഷഭ് പന്ത്-ശ്രേയസ് അയ്യർ സഖ്യമാണ് ഇന്ത്യൻ സ്കോർ 400-ന് അടുത്തെത്തിച്ചത്. ഷെൽഡണ്‍ കോട്രൽ എറിഞ്ഞ 46-ാം ഓവറിൽ രണ്ടു സിക്സും മൂന്നു ഫോറും സഹിതം പന്ത് അടിച്ചുകൂട്ടിയത് 24 റണ്‍സാണ്. ചേസ് എറിഞ്ഞ അടുത്ത ഓവറിൽ നാലു സിക്സും ഒരു ഫോറും സഹിതം അയ്യർ 31 റണ്‍സുമടിച്ചു. 6, 6, 4, 6, 6 ഇങ്ങനെയായിരുന്ന അയ്യറുടെ സ്കോറിംഗ്. ഏകദിനത്തിൽ ഒരോവറിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ സ്കോറാണിത്.
നാലാം വിക്കറ്റിൽ വെറും 19 പന്തിലാണ് ഇവരുടെ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടു പിന്നിട്ടത്. 16 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 39 റണ്‍സുമായി പന്ത് പുറത്തായെങ്കിലും ആറാം ഏകദിന അർധസെഞ്ചുറി കണ്ടെത്തിയ അയ്യർ ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചു.
28 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതമാണ് അയ്യർ തുടർച്ചയായ നാലാം അർധസെഞ്ചുറി പിന്നിട്ടത്. അയ്യർ 32 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 53 റണ്‍സെടുത്ത് പുറത്തായി. കേദാർ ജാദവ് 10 പന്തിൽ മൂന്നു ഫോറുകൾ സഹിതം 16 റണ്‍സുമായി പുറത്താകാതെ നിന്നു.
കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റുവീശിയ വിൻഡീസിന് ഇടയ്ക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും മുഹമ്മദ് ഷമി, കുൽദീപ് യാദവ് സഖ്യത്തിന്റെ പ്രകടനം അതു തകർത്തു. മൂന്നു വിക്കറ്റ് നഷ്ടമായശേഷം വിൻഡീസ് തിരിച്ചടിച്ചെങ്കിലും 30-ാം ഓവറിന്റെ രണ്ടാം പന്തിൽ പുരാനെയും തൊട്ടടുത്ത പന്തിൽ പൊള്ളാർഡിനെയും പുറത്താക്കി മുഹമ്മദ് ഷമി വിൻഡീസിനെ തകർച്ചയിലേക്കു തള്ളിവിട്ടു.
രണ്ട് ഓവറിനുശേഷം കുൽദീപ് യാദവ് ഏകദിനത്തിൽ തന്റെ രണ്ടാം ഹാട്രിക്കും കുറിച്ചു. 33-ാം ഓവറിൽ ഷായ് ഹോപ്പ് (78), ജെയ്സൻ ഹോൾഡർ (11), അൽസാരി ജോസഫ് (0) എന്നിവരെയാണ് കുൽദീപ് തുടർച്ചയായ പന്തുകളിൽ പുറത്താക്കിയത്. അഞ്ചിന് 210 റണ്‍സെന്ന നിലയിൽനിന്ന് എട്ടിന് 210 റണ്‍സെന്ന നിലയിലേക്ക് ഇതോടെ വിൻഡീസ് തകർന്നു.
വിൻഡീസിനായി ഓപ്പണർ ഷായ് ഹോപ്പ്, നിക്കോളാസ് പുരാൻ എന്നിവർ അർധസെഞ്ചുറി നേടി. പുരാൻ 47 പന്തിൽ ആറു വീതം സിക്സും ഫോറും സഹിതം 75 റണ്‍സെടുത്തു. ഹോപ്പ് 85 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 78 റണ്‍സെടുത്തും പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച കീമോ പോളാണ് (42 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 46) വിൻഡീസിന്റെ തോൽവിഭാരം കുറച്ചത്.