ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയും പോലീസ് കസ്റ്റഡിയിൽ. ഡൽഹി പോലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പൗരത്വ ബില്ലിനെതിരെ മണ്ഡി ഹൗസ് മുതൽ ജന്തർ മന്ദിർ വരെ മാർച്ച് സംഘടിപ്പിക്കാൻ ഇടതുപക്ഷം തീരുമാനിച്ചിരുന്നു. എന്നാൽ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചതോടെ മണ്ഡി ഹൗസിൽ നേതാക്കൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെയാണ് യെച്ചൂരിയെയും രാജയെയും അറസ്റ്റു ചെയ്തു നീക്കിയത്.
പ്രതിഷേധവുമായി മണ്ഡി ഹൗസിലെത്തിയ മുതിർന്ന ഇടതു നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ആനി രാജ തുടങ്ങിയവരെയും പോലീസ് തടഞ്ഞു.
അതേസമയം ചെങ്കോട്ടയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ച ജാമിയ മില്ലിയ സർവകലാശാലയിലെ നൂറുകണിക്കിന് വിദ്യാർഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ അവഗണിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് നേരത്തെ വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ മുതല്‍ പ്രതിഷേധത്തിനായി മണ്ഡി ഹൗസിലേക്കെത്തുന്ന വിദ്യാര്‍ഥികളോട് പിരിഞ്ഞ് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാത്ത പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.
പ്രക്ഷോഭം തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടുണ്ട്.