മൂവാറ്റുപുഴ: പെരിയാർവാലി കനാലുകളുടെ അറ്റകുറ്റപ്പണികൾ തീർത്ത് വെള്ളം തുറന്നുവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂവാറ്റുപുഴ, കോതമംഗലം, നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിനാളുകൾ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന പെരിയാർ വാലി കനാലുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാത്തത് ഇത്തവണ കുടിവെള്ളക്ഷാമത്തിന് കാരണമാകുമെന്ന ഭീതിയിലാണ് ജനങ്ങൾ.
മുൻകാലങ്ങളിൽ അതാത് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാലിന്റെ അറ്റകുറ്റപ്പണികൾ തീർക്കുകയായിരുന്നു പതിവ്. ഇക്കുറി പെരിയാർവാലി നേരിട്ട് ടെൻഡർ ചെയ്ത് അറ്റകുറ്റപ്പണികൾ തീർക്കാൻ തീരുമാനിച്ചതാണ് നിർമാണം വൈകാൻ പ്രധാന കാരണം. ഇതുവരെയും കനാലിന്റെ അറ്റകുറ്റപ്പണികളുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടില്ല.
ടെൻഡർ നടപടികൾ പൂർത്തിയാക്കി കനാൽ നിർമാണം ഇനിയും വൈകുമെന്നാണ് സൂചന. ഇത് കനാലിനെ ആശ്രയിക്കുന്ന പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും കൃഷി നാശത്തിനും ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലെ നീരുറവകളെല്ലാം വറ്റിവരണ്ട നിലയിലാണ്.
പെരിയാർവാലി കനാലിനെ ആശ്രയിച്ച് ഏക്കർ കണക്കിന് നെല്ല്, പച്ചക്കറി, വാഴ തുടങ്ങിയ കൃഷിയിറക്കിയവർക്കാണ് കനാലിൽ വെള്ളം തുറന്നുവിടാത്തത് തിരിച്ചടിയാകുന്നത്. കനാൽ അറ്റകുറ്റപ്പണികൾ ഇനിയും വൈകിയാൽ ഇതിലൂടെയുള്ള ജലസേചനവും വൈകും. ഉടൻ കനാലിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വെള്ളം തുറന്നുവിടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.