തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മുങ്ങിയവരിൽ പിടികിട്ടാനുള്ള റിമാൻഡ് പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. ചാടിപ്പോയ ഏഴു പേരിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കോടതി ഉത്തരവ് പ്രകാരം പാർപ്പിച്ചിരുന്ന രാഹുലിനെയും റിമാൻഡ് പ്രതി പാലക്കാട് വണ്ടാഴി നെല്ലിക്കോട് വീട്ടിൽ വിപിനെയുമാണ് പിടികൂടിയത്. വെസ്റ്റ് സിഐയുടെ നേതൃത്വത്തിൽ രാഹുലിനെ ഒളരിയിൽ നിന്നും വിപിനെ ഞാറയ്ക്കലിൽ നിന്നുമാണ് പിടികൂടിയത്.
വിപിൻ കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. രക്ഷപ്പെട്ട അഞ്ച് റിമാൻഡ് തടവുകാർക്കായുള്ള അന്വേഷണം ഉൗർജിതമാക്കിയിരിക്കയാണ്. ഇതിൽ ചിലരെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. തൻസീർ, വിജയൻ, നിഖിൽ, കണ്ണൻ, ജിനീഷ് എന്നിവരെയാണ് ഇനി പിടിക്കാനുള്ളത്.റിമാൻഡ് പ്രതികളെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നടത്തുന്നത് ജയിൽ അധികൃതർ തലവേദന ഒഴിവാക്കാൻ നടത്തുന്ന ശ്രമമാണെന്ന് ആരോപണം ഉയരുന്നുണ്ട്.
ഇവർക്ക് മരുന്ന് മാത്രമാണ് നൽകുന്നത്. ഇത് ജയിലിൽ തന്നെ കൊടുക്കാനുള്ള സംവിധാനമുണ്ട്. അവിടെ പാർപ്പിച്ച് മരുന്നുകൾ സമയത്ത് നൽകാനുള്ള സംവിധാനമുണ്ടായിട്ടും ജയിൽ ജീവനക്കാരുടെ തലവേദന ഒഴിവാക്കാനാണ് ഇത്തരത്തിൽ യാതൊരു സുരക്ഷയുമില്ലാതെ പ്രതികളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
വേണ്ടത്ര സുരക്ഷ നൽകാൻ പോലീസും തയ്യാറാകാത്തതിനാൽ ആശുപത്രി ജീവനക്കാരും പ്രതികളാകുന്ന സാഹചര്യമാണിപ്പോൾ. മോഷണ കേസുകളിലും കൊലപാതക കേസുകളിലും പ്രതികളായവരാണ് രക്ഷപ്പെട്ടവർ. ഇവർക്ക് തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ ക്രിമിനലുകളുമായി ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ വഴിക്ക് ഇവർ രക്ഷപെട്ടിട്ടുണ്ടോയെന്നാണ് അന്വേഷണം നടത്തുന്നത്.