മണ്ണാർക്കാട്: ഗ്രാമീണ ജനതയെ വട്ടിപ്പലിശക്കാരിൽ നിന്നും സംരക്ഷിക്കാനായി കേരളം നടപ്പാക്കിയ മുറ്റത്തെ മുല്ല പദ്ധതി ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന നിർദ്ദേശവുമായി ദേശീയ സെമിനാർ.ബാങ്കിംഗ് മേഖലയിലെ പ്രധാന തീരുമാനങ്ങളെടുക്കുന്ന ബിഐആർഡി, നബാർഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന ദേശീയ സെമിനാറിലാണ് മുറ്റത്തെ മുല്ല രാജ്യവ്യാപകമാക്കാനുള്ള നിർദ്ധേശമുയർന്നത്.
രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ 80 പ്രധാന വ്യക്തികൾ പങ്കെടുത്ത സെമിനാറിൽ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായി ദേശീയ പാനലിസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് റൂറൽ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമനാണ് മുറ്റത്തെ മുല്ല പദ്ധതിയെ സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത്.
പദ്ധതിയുടെ പ്രാധാന്യം വിലയിരുത്തിയ സെമിനാർ കൂടുതൽ പഠനത്തിനായി വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.പദ്ധതി ആവിഷ്ക്കരിച്ച മണ്ണാർക്കാട് റൂറൽ ബാങ്കിലേക്കാണ് സംഘം ആദ്യമെത്തുക.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ ലക്ഷ്മികാന്ത് റായ്, ബിഐആർഡി ഡയറക്ടർ രാജി ജെയിൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
എം.പുരുഷോത്തമനു പുറമേ പാനലിസ്റ്റിലുണ്ടായിരുന്ന ആക്സിസ് ബാങ്ക് സിഇഒ മധുധീപ് റായ്,ഇൻഡസന്റ് ബാങ്ക് ബിസിനസ് ഹെഡ് വർമ്മ പ്രസാദ്, നാഷണൽ ഹ്യൂമൻ വെൽഫെയർ സെക്രട്ടറി രജിനികാന്ത് ദ്വിവേദി, വിഎഎസ് സി ഡയറക്ടർ ഡോ:ജയദീപ് എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.