ഒറ്റപ്പാലം: താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ രക്ത ബാങ്ക് വരുന്നതിന്റെ ഗുണം ജില്ലയുടെ പടിഞ്ഞാറൻ മേഖലയ്ക്ക്. നിലവിൽ ഒറ്റപ്പാലം, പട്ടാന്പി, തൃത്താല, ഷൊർണൂർ, എന്നീ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്നവർക്ക് അത്യാവശ്യ സമയങ്ങളിൽ രക്തം ലഭിക്കുന്നത് മണ്ണാർക്കാട്ടും പെരിന്തൽമണ്ണയിലും തൃശ്ശൂരിലുമുള്ള രക്തബാങ്കുകളിൽ നിന്നാണ്.
പലപ്പോഴും ഈ സ്ഥലങ്ങളിൽ നിന്ന് തക്കസമയത്ത് രക്തം എത്തിക്കാൻ കഴിയാറില്ല. ഒറ്റപ്പാലത്ത് രക്തബാങ്ക് വരുന്നതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഉള്ളവർക്കെല്ലാം രക്ത ബാങ്കിന്റെ സേവനം ലഭ്യമാവും. ഒറ്റപ്പാലം താലൂക്ക് ഗവണ്മെൻറ് ആശുപത്രിയിൽ പി.ഉണ്ണി എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ഥാപിക്കുന്നത്. ധനകാര്യ ജോയിൻ സെക്രട്ടറി എം. അനിൽകുമാർ പ്രത്യേക അനുമതി നൽകിയാണ് ജില്ലയിലെ മൂന്നാമത്തെ സർക്കാർ രക്ത ബാങ്കിന് ഒറ്റപ്പാലത്ത് അനുമതി നൽകിയത്.
ലക്കാട് മണ്ണാർക്കാട് എന്നിവിടങ്ങളിലാണ് നിലവിൽ രക്ത ബാങ്കുകൾ ജില്ലയിലുള്ളത്. പ്ലേറ്റ്ലെറ്റ് അടക്കമുള്ള രക്ത ബാങ്കും അനുബന്ധ സൗകര്യങ്ങളും ആണ് സ്ഥാപിക്കപ്പെടുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിക്കും.ആശുപത്രിയിൽ കുത്തിവെപ്പ് എടുക്കുന്ന കെട്ടിടത്തിന് മുകളിൽ മുന്പ് ഐസിയു നടത്താനായി കണ്ടു വച്ചിരുന്ന സ്ഥലത്താണ് രക്ത ബാങ്ക് പ്രവർത്തിക്കുക.
പുതിയ ഐസിയു മുറി അത്യാഹിതവിഭാഗത്തോട് ചേർന്ന് സ്ഥാപിച്ചതോടെയാണ് ഈ സ്ഥലം രക്തബാങ്കിനായി മാറ്റുന്നത്. ഏറ്റവുമധികം റോഡ് അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ഒറ്റപ്പാലം. താലൂക്ക് ആശുപത്രിയിൽ പ്രസവ നിരക്കും കൂടുതലാണ്. മറ്റു താലൂക്കാശുപത്രികളെ അപേക്ഷിച്ച് കൂടുതൽ ശസ്ത്രക്രിയകളും നടക്കുന്നുണ്ട്.
ഇതിനൊക്കെ രക്തം കണ്ടെത്താൻ രോഗികൾക്കൊപ്പം എത്തുന്നവർ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. രക്തം വരുന്നത് ഒറ്റപ്പാലത്ത് രക്തബാങ്ക് വരുന്നതോടുകൂടി ഇതിനെല്ലാം പരിഹാരം ആവും. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രക്തബാങ്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയർത്താൻ മുന്പ് തന്നെ ധാരണയായിരുന്നു.
എന്നാൽ അർഹമായ പരിഗണന ലഭിക്കുകയുണ്ടായില്ല. സമീപകാലത്താണ് താലൂക്ക് ആശുപത്രിക്ക് വികസനത്തിന് വഴിതുറന്നത്. രക്തബാങ്ക് കൂടി സ്ഥാപിക്കപ്പെടുന്ന തോടു കൂടി താലൂക്ക് ആശുപത്രിയുടെ വികസന വഴിയിൽ ഇതൊരു പുതിയ നാഴികക്കല്ല് കൂടിയാവും. ഒപ്പം തന്നെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഉള്ളവർക്കും ഇത് വളരെയേറെ ആശ്വാസകരമാവും.