പൂക്കോട്ടുംപാടം: നാടിന്റെ സ്നേഹം ഏറ്റുവാങ്ങാൻ കാത്തുനില്ക്കാതെ ശ്രുതി യാത്രയായി. അമരന്പലം പഞ്ചായത്തിലെ ചുള്ളിയോട് പന്നിക്കുളം എടത്തൊടിയിൽ രവീന്ദ്രന്റെ മകളും മഞ്ചേരി സ്വദേശി സജീവിന്റെ ഭാര്യയുമായ ശ്രുതി ഒരു വർഷത്തോളമായി തിരുവനന്തപുരം ആർസിസിയിൽ രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു.
രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് വെല്ലൂർ സിഎംസിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു മരണം. കീമോതെറാപ്പിയെ തുടർന്ന് രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ആർസിസിയിൽ തന്നെ ചികിത്സക്കായി 15 ലക്ഷത്തോളം രുപ ചിലവായി.
തുടർചികിത്സക്ക് 50 ലക്ഷം രൂപ ചിലവാകുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചതിനെ തുടർന്ന് ശ്രുതിയുടെ നിർധന കുടുംബം ആശങ്കയിലായിരുന്നു. ഇതേതുടർന്നാണ് നാട്ടുകാർ ഒത്തു ചേർന്ന് കാരുണ്യസഹായത്തിനായി കമ്മിറ്റി രൂപീകരിച്ചത്. ഒരു പഞ്ചായത്ത് മുഴുവൻ ഒത്തുചേർന്ന് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ചികിത്സക്കാവശ്യമായ പണം കമ്മിറ്റിക്ക് സ്വരൂപിക്കാൻ കഴിഞ്ഞു. വാർഡംഗങ്ങൾ ഉൾപ്പെട്ട കമ്മിറ്റി വീടുകളിൽ കവർ കൊടുത്ത് പണം സ്വീകരിക്കുകയായിരുന്നു.
കൂടാതെ പ്രദേശത്തെ സ്കൂൾ വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, സംഘടനകൾ, വിവിധ ഫാൻസ് അസോസിയേഷനുകൾ, ക്ലബുകൾ, കൂട്ടായ്മകൾ, ആരാധാനാലയങ്ങൾ തുടങ്ങി നാട്ടിലെ നാനാ വിഭാഗങ്ങളും ഒത്തു ചേർന്നപ്പോൾ അന്പത് ലക്ഷം വളരെ ചെറുതാകുകയായിരുന്നു. നാട്ടുകാരുടെ മുഴുവൻ സങ്കടമായിരിക്കുകയാണ് ശ്രുതിയുടെ വിയോഗം.