കരുവാരകുണ്ട്: കൽകുണ്ടിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന കുട്ടം തെങ്ങുകൾ ഒടിച്ചിട്ട് വൈദ്യുതി ലൈൻ തകർത്തു. ആനത്താനം എസ്റ്റേറ്റിലെ തെങ്ങുകൾ മറിച്ചിട്ടാണ് ഇവ വൈദ്യുതി ലൈനും കാലുകളും തകർത്തത്. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. പ്രദേശത്ത് വൻ കൃഷി നാശവും വരുത്തിയിട്ടുണ്ട്.
ചെറുതും വലുതുമായ ഒൻപതിലധികം കാട്ടാനകളാണ് ജനങ്ങളെ ഭീതിപ്പെടുത്തി കൃഷിയിടങ്ങൾ പകൽ സമയത്തും തന്പടിക്കുന്നത്. ഇവ വനത്തിലേക്ക് മടങ്ങാത്തത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. കൽകുണ്ട് മേഖലയിൽ കാട്ടാന ശല്യം നിമിത്തം കർഷകർ കൃഷി ഉപേക്ഷിച്ചു പോയ നൂറേക്കറിലധികം ഭൂമി കാടുപിടിച്ചു കിടക്കുന്നതായും അവിടെയും കാട്ടാനകൾ തന്പടിച്ചിട്ടുണ്ടന്ന് അൽഫോൻസ് ഗിരിയിലെ കിഴക്കേത്തലക്കൽ ഷാജു പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് ഇവയുടെ ചിന്നം വിളി കേട്ട് കൽകുണ്ട് നിവാസികൾ ഉറക്കമുണർന്നത്. ഈ സമയം വൈദ്യുതി ബന്ധവും നിലച്ചിരുന്നു. വനപാലകരെ വിവരമറിയിച്ചിട്ടും പ്രയോജനമുണ്ടായില്ല. നിലന്പൂരിലെ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ വിവരമറിയിച്ചപ്പോൾ വാഹനമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും കർഷകർ പറഞ്ഞു. ഇത് കർഷകർക്കിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി.
ആനകൾ കൃഷിയിടത്തിൽ പ്രവേശിക്കുന്നത് തടയാൻ ബന്ധപ്പെട്ട വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കാട്ടാനശല്യം തടയുന്നതിന് വനാതിർത്തികളിൽ സൗരോർജ വേലി നിർമാണത്തിന് കോടിക്കണക്കിന് രൂപ സർക്കാർ നീക്കിവയ്ക്കുന്നത് വനം വകുപ്പിലെ ചില ഉന്നതരും കരാർ ലോബികളും തട്ടിയെടുക്കുന്നതായും കർഷകർ ആരോപിക്കുന്നു.
കർഷകരെ തൃപ്തിപ്പെടുത്താൻ വനാതിർത്തികളിൽ നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന സൗരോർജ വേലി നിർമാണത്തിനു പിന്നാലെ കാട്ടാന നാശം വരുത്തുന്നതായും കർഷകർ കുറ്റപ്പെടുത്തുന്നു.