എടക്കര: പോത്തുകൽ പഞ്ചായത്തിലെ ചെന്പ്ര പട്ടികവർഗ കോളനിയിലെ കുട്ടികൾക്കായി അങ്കണവാടി നിർമിച്ചത് വനത്തിനുള്ളിൽ. കെ.കെ രാകേഷ് എംപിയുടെ ഫണ്ടുപയോഗിച്ചാണ് കോളനിയിൽ 2018-19 വർഷം അങ്കണവാടി നിർമാണം നടത്തിയിട്ടുള്ളത്. പകൽപോലും കാട്ടനശല്യം നിലനിൽക്കുന്ന കോളനിയുടെ ഏറ്റവും മുകളിലായിട്ടാണ് അങ്കണവാടി കെട്ടിടം നിർമിച്ചിട്ടുള്ളത്.
വന്യമൃഗങ്ങളിൽ നിന്നും കോളനി സംരക്ഷിക്കാൻ നിർമിച്ച കിടങ്ങിന് പുറത്തായും കാടിനുള്ളിലായുമാണ് പുതിയ കെട്ടിടം. കോളനിയിൽ സ്ഥലം കിട്ടാത്തതിനെത്തുടർന്ന് വനം വകുപ്പാണ് കെട്ടിടം നിർമിക്കാൻ വനഭൂമി വിട്ടുകൊടുത്തത്. കോളനിയിൽ നിലവിൽ ബദൽ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ബദൽ സ്കൂൾ കെട്ടിടവും വിഎസ്എസിന്റെ വനവിഭവ ശേഖരണ സ്റ്റോറും കോളനിയുടെ താഴെ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ വിഎസ്്എസിന്റെ കെട്ടിടത്തിലാണ് അങ്കണവാടിയും ബദൽ സ്കൂളിന്റെ പാചകപ്പുരയും പ്രവർത്തിക്കുന്നത്.
എന്നാൽ അങ്കണവാടി നിർമിച്ചിരിക്കുന്നത് കോളനിക്ക് പുറത്ത് ഏറ്റവും മുകളിലായി വനഭൂമിയിലാണ്. എംപിയുടെ ഫണ്ടിൽ നിന്നും പന്ത്രണ്ട് ലക്ഷം രൂപ ചിലവിട്ടാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ കോളനിയോട് ചേർന്ന മുൻവശത്ത് മാത്രമാണ് ചുറ്റുമതിൽ നിർമാണം നടത്തിയിട്ടുള്ളത്. വനത്തോട് ചേർന്ന മൂന്ന് ഭാഗവും തുറസായാണ് കിടക്കുന്നത്. അടുത്ത്തന്നെ കെട്ടിടം ഉത്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ.
വനഭാഗത്ത് ചുറ്റുമതിൽ പോലുമില്ലാത്ത അങ്കണവാടിയിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയാറാകുമോ എന്ന് കണ്ടറിയണം. അങ്കണവാടി കെട്ടിടം നിർമിക്കാൻ വേണ്ടി കരാറുകാരൻ കിടങ്ങ് താൽകാലികമായി നികത്തിയിരുന്നു. മിക്ക ദിവസങ്ങളിലും ഈ ഭാഗത്ത്കൂടി കാട്ടാനകൾ കോളനിയിലിറങ്ങി ആദിവാസികൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷിതമല്ലാത്ത അങ്കണവാടി ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത്.