സ്വന്തം ലേഖിക
കൊച്ചി: “തെറ്റുപറ്റിപ്പോയി സാറേ, സുനിതക്കൊപ്പം ജീവിക്കാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ എന്റെ ഭാര്യയെ കൊന്നത്. ഭാര്യ നഷ്ടപ്പെട്ടത് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ പശ്ചാത്താപമുണ്ട്. കുട്ടികളുടെ കാര്യമോര്‍ത്തിട്ട് സഹിക്കാന്‍ പറ്റുന്നില്ല’.
ഉദയംപേരൂര്‍ വിദ്യ കൊലക്കേസിലെ ഒന്നാം പ്രതി പറഞ്ഞ ഈ വാക്കുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ആശങ്കയുളവാക്കി. തമിഴ്നാട് പോലീസിന്റെ സാന്നിധ്യത്തില്‍ തിരുനെല്‍വേലിയില്‍ വിദ്യയുടെ റീ പോസ്റ്റുമോര്‍ട്ടം നടത്തിയ സന്ദര്‍ഭത്തില്‍ മൃതദേഹം കാണിച്ചപ്പോഴാണ് പ്രതി പ്രേംകുമാര്‍ ഇങ്ങനെ പ്രതികരിച്ചത്.
തിരുനെൽവേലിക്കു സമീപം വള്ളിയൂർ പോലീസ് മറവ് ചെയ്ത സ്ഥലത്തുനിന്നും മൃതദേഹം പുറത്തെടുത്താണ് റീ പോസ്റ്റ്മോർട്ടം നടത്തിയത്. തിരുനെൽവേലി രാധാപുരം തഹസില്‍ദാര്‍ സെല്‍വം, ഉദയംപേരൂര്‍ വാര്ഡ്മെന്പറുടെ പ്രതിനിധി, വിദ്യയുടെ ബന്ധുക്കള്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ഡിഎന്‍എ ടെസ്റ്റിനായി വിദ്യയുടെ മുടി, എല്ല്, നഖം, പല്ല് എന്നിവ പോലീസ് ശേഖരിച്ചു.
തിരുനെൽവേലിയിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ പോലീസ് സംഘം പ്രതികളുമായി ഇന്നലെ ഉദയംപേരൂരിൽ തിരിച്ചെത്തി. പ്രതികളായ പ്രേംകുമാർ, കാമുകി സുനിത ബേബി എന്നിവരിൽനിന്ന് കൊലപാതകം സംബന്ധിച്ച് നിർണായകമായ പല വിവരങ്ങളും പോലീസിനു ലഭിച്ചു. ഉദയം പേരൂർ സിഐ കെ. ബാലനാണ് അന്വേഷണ ചുമതല.
വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തി
വെള്ളറട: ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയ വിദ്യയുടെ മൃതദേഹം പുറത്തെടുത്തു വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി. തിരുനെല്‍വേലിയില്‍ പോലീസ് മറവ് ചെയ്ത മൃതദേഹമാണ് മൂന്ന് മാസത്തിനു ശേഷം ഇന്നലെ വീണ്ടും പുറത്തെടുത്തത്. മൃതദേഹം വിദ്യയുടേതെന്ന് ഉറപ്പിക്കുകയും മരണകാരണം സ്ഥിരീകരിക്കുകയുമാണ് റീ പോസ്റ്റ്മോര്‍ട്ടത്തിന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ.ശശികലയാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. മൃതദേഹത്തിൽ നിന്നുള്ള സാന്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കും.കാമുകിയായ സുനിതയ്ക്കൊപ്പം താമസിക്കാനായി വിദ്യയെ കൊലപ്പെടുത്തിയെന്നാണ് പ്രേംകുമാറിന്റെ മൊഴി.
സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെ തിരുവനന്തപുരം പേയാട്ടെ വില്ലയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ റോഡരുകില്‍ മൃതദേഹം ഉപേക്ഷിച്ചെന്നും പറയുന്നു. ഈ മൊഴി ശരിവയ്ക്കുന്ന തരത്തില്‍ തിരുനെൽവലിക്കടുത്ത് വള്ളിയൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് തിരിച്ചറിയാത്ത മൃതദേഹം ലഭിക്കുകയും പോലീസ് ഏറ്റെടുത്ത് മറവ് ചെയ്യുകയും ചെയ്തിരുന്നു.രണ്ട് ലക്ഷ്യങ്ങളാണ് പ്രധാനമായും റീ പോസ്റ്റ്മോര്ട്ടത്തിനുള്ളത്.
തിരുനെല്‍വേലിയില്‍ മറവ് ചെയ്ത മൃതദേഹം വിദ്യയുടേതാണെന്ന് സ്ഥിരീകരിക്കണം. അതിനായി മൃതദേഹത്തിന്റെഡിഎന്എപരിശോധനനടത്തും. രണ്ടാമത്തെ ലക്ഷ്യം മരണകാരണം ഉറപ്പിക്കലാണ്. കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. മൃതദേഹം വിദ്യയുടേതെങ്കില് ഇത് തന്നെയാണോ മരണകാരണമെന്നും റീ പോസ്റ്റ്മോര്‍ട്ടത്തിലൂടെ ഉറപ്പിക്കാം.
മറവ് ചെയ്യുന്നതിന് മുന്‍പ് തമിഴ്നാട്ടില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം വിശദമായി പറഞ്ഞിരുന്നില്ല.