വാഷിംഗ്ടൺ: യു ട്യൂബിൽ നിന്നു പണം സന്പാദിച്ചവരുടെ പട്ടികയിൽ ഒന്നാമതെത്തി പുതുചരിത്രം സൃഷ്ടിക്കുകയാണ് എട്ടുവയസുകാരനായ റയാൻ കാജിയുടെ “റയാൻസ് വേൾഡ്” എന്ന യു ട്യൂബ് ചാനൽ.
ആഗോളസന്പന്നരുടെ പട്ടിക ആധികാരികമായി പുറത്തുവിടുന്ന ഫോബ്സ് മാഗസിന്റെ കണക്കുപ്രകാരം ഈവർഷത്തെ റയാന്റെ വരുമാനം 2.6 കോടി യുഎസ് ഡോളർ. യു ട്യൂബിലൂടെ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പണംവാരിയതും റയാൻ കാജി എന്നറിയപ്പെടുന്ന റയൻ ഗുനിന്റെ ചാനൽതന്നെയായിരുന്നു. 2.2 കോടി ഡോളർ.
2015 ൽ റയാന്റെ മാതാപിതാക്കളാണ് ചാനൽ തുടങ്ങിയത്. മൂന്നുവർഷംകൊണ്ട് 2.29 കോടി ആളുകൾ ചാനൽ സബ്സ്ക്രൈബ് ചെയ്തു. “റയാൻസ് ടോയി റിവ്യു”എന്നായിരുന്നു ആദ്യ പേര്. കളിപ്പാട്ടം നിറച്ച ഒരു പെട്ടി തുറന്ന് കൊച്ച് റയാൻ കളിക്കുന്ന വീഡിയോകളായിരുന്നു തുടക്കത്തിൽ. ഇവയിൽ പലരും പത്തുലക്ഷത്തിലേറെ ആളുകൾ കണ്ടവയാണ്. ഇതുവരെ 3.5 കോടി ആളുകൾ ചാനൽ കണ്ടതായാണ് കണക്കാക്കുന്നത്.
ട്രൂത്ത് ഇൻ അഡ്വർടൈസിംഗ് എന്ന ഉപഭോത്കൃത സംഘടന യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷനെ(എഫ്ടിസി) സമീപിച്ചതിനെത്തുടർന്ന് അടുത്തിടെയാണ് ചാനലിന്റെ പേര് മാറ്റിയത്. കളിപ്പാട്ട നിർമാണ കന്പനികളിൽ നിന്ന് പണംവാങ്ങി പ്രദർശിപ്പിക്കുന്ന വീഡിയോകൾ ഏതാണെന്നു വ്യക്തമാക്കുന്നില്ലെന്നായിരുന്നു ഉപഭോക്തൃ സംഘടനയുടെ പരാതി.
റയാന്റെ പ്രായത്തിനനുസരിച്ച് ചാനലിനും മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ലളിതമായ പാഠ്യവിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് വീഡിയോകൾ വരുന്നത്.
ടെക്സസിൽ നിന്നുള്ള ഒരു സംഘം യുവാക്കളുടെ നേതൃത്വത്തിലുള്ള “ഡ്യൂഡ് പെർഫെറ്റ്” എന്ന ചാനലിനെയാണ് ഫോബ്സ് റാങ്കിംഗിൽ റയാന്റെ ചാനൽ മറികടന്നത്. അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നതിന്റെ ചിത്രീകരണമാണിതിൽ. ഹെലികോപ്റ്ററിൽ നിന്നോ വലിയ കെട്ടിടങ്ങളിൽ നിന്നോ ബാസ്കറ്റ്ബോൾ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുന്നതുപോലുള്ള വീഡിയോകളാണിതിൽ. കഴിഞ്ഞ ജൂൺ വരെയുള്ള ഒരുവർഷത്തിനിടെ 2.0 കോടി യുഎസ് ഡോളർ നേടി വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാമതെത്തുകയും ചെയ്തു.
മൂന്നാംസ്ഥാനം മറ്റൊരു ബാലതാരത്തിന്റെ ചാനലിനാണ്. റഷ്യയിൽനിന്നുള്ള വെറും അഞ്ചുവയസ് മാത്രം പ്രായമുള്ള അനസ്ത്യേസ്യ റാഡ്സിൻസ്കയുടെ. “ലൈക്ക് നാട്സ്യ വ്ലോഗ്” “ഫണ്ണി സ്റ്റേസി” എന്നിവയിലൂടെ 1.8 കോടി യുഎസ് ഡോളറാണ് ഈ കൊച്ചുമിടുക്കി പോക്കറ്റിലാക്കിയത്.