ഹോട്ടല്‍ മുറികളില്‍ ഒളികാമറ; സ്കൂള്‍ സ്റ്റാഫ് അംഗത്തെ സസ്പെൻഡു ചെയ്തു

വിസ്‌കോണ്‍സിന്‍: സ്കൂളില്‍ നിന്ന് ഫീല്‍ഡ് യാത്രയ്ക്കിടെ വിദ്യാര്‍ഥികള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ ഒളികാമറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു വിസ്കോണ്‍സിന്‍ ഹൈസ്കൂളിലെ ഒരു സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചു.

ഡിസംബർ ആദ്യ വാരം മൂന്നു ദിവസത്തെ യാത്രയ്ക്കിടെ മാഡിസണ്‍ ഈസ്റ്റ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് മിനിയാപൊളിസ് ഡൗണ്‍‌ടൗണിലെ ഹയാത്ത് റീജന്‍സിയിൽ താമസിച്ചത്. ഇവിടെ വച്ചാണ് വിദ്യാർഥികൾ താമസിച്ചിരുന്ന മുറികളിൽനിന്നും ഒളികാമറ പിടികൂടിയത്.

സംഭവം അറിഞ്ഞയുടന്‍ വിദ്യാര്‍ഥികളോടൊപ്പം യാത്ര ചെയ്തിരുന്ന ഒരു സ്റ്റാഫ് അംഗത്തെ ഡിസംബര്‍ 8-ന് അവധിയില്‍ പ്രവേശിപ്പിച്ചതായി മാഡിസണ്‍ മെട്രോപൊളിറ്റന്‍ സ്കൂള്‍ ജില്ലാ വക്താവ് തിമോത്തി ലെമണ്ട്സ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ കീഴ്‌വഴക്കമനുസരിച്ചുള്ള മുന്‍കരുതല്‍ നടപടിയാണിത്. പോലീസ് അന്വേഷണം ആരംഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

യാത്രയില്‍ വിദ്യാര്‍ത്ഥികളോടൊപ്പം യാത്ര ചെയ്ത ഏക സ്കൂള്‍ ഡിസ്ട്രിക്റ്റ് ജീവനക്കാരന്‍ അവധിയില്‍ പ്രവേശിച്ച സ്റ്റാഫ് അംഗമാണോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് ലെമോണ്ട്സ് പറഞ്ഞു.

മിനിയാപൊളിസ് ഹയാത്ത് റീജന്‍സിയിലെ ഒന്നിലധികം മുറികളില്‍ നിന്ന് ‘ഇലക്‌ട്രോണിക് ഉപകരണങ്ങള്‍’ കണ്ടെടുത്തതായി മിനിയാപൊളിസ് പോലീസ് വക്താവ് ജോണ്‍ എല്‍ഡര്‍ പറഞ്ഞു. സംഭവത്തില്‍ ഹോട്ടലുമായി ബന്ധപ്പെട്ട ആരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഹോട്ടല്‍ അധികൃതരെ അറിയിക്കുകയും സമഗ്രമായ തിരച്ചില്‍ നടത്തുകയും ചെയ്തുവെങ്കിലും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മുറികളില്‍ സ്ഥാപിച്ചിരുന്ന ഉപകരണങ്ങളല്ലാതെ മറ്റു ഉപകരണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഹയാത്ത് വക്താവ് വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ മാനസികമായോ മറ്റേതെങ്കിലും തരത്തിലോ ആഘാതമനുഭവിക്കുന്ന വിദ്യാര്‍ഥികളെയും കുടുംബങ്ങളെയും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശ്രമിക്കുന്നുണ്ടെന്ന് മാഡിസണ്‍ ഈസ്റ്റ് ഹെസ്കൂളിന്‍റെ ഇടക്കാല പ്രിന്‍സിപ്പല്‍ ബ്രന്‍ഡന്‍ കീര്‍നി മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ

Related posts