ഏറ്റുമാനൂർ: വസ്ത്ര വ്യാപാരിയെ കടയിൽനിന്ന് വിളിച്ചിറക്കി കന്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച സംഭവത്തിലെ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ കൂടി പോലീസ് പിടിയിൽ.പ്രധാന പ്രതിക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. പിടിലായവരുടെ മൊഴി അനുസരിച്ചു സംഭവം വിരൽ ചൂണ്ടുന്നത് ഗുരുതര സംഭവങ്ങളിലേക്കെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ എറണാകുളത്തു നിന്നുമാണ് പ്രതികളായ കാക്കനാട് പൂക്കോട്ടിൽ ബിനീഷ് (32), എറണാകുളം കളിയാത് വിഷ്ണു (30) എന്നിവരെ ഏറ്റുമാനൂർ എസ്ഐ അനൂപ് സി. നായർ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടില്ല.
സംഭവത്തിൽ തങ്ങൾക്കു മനസറിവ് ഇല്ലെന്നാണ് പ്രതികൾ പറയുന്നത്. പിടിക്കപ്പെട്ട ബിനീഷ് വണ്ടി ഓടിക്കാൻ മാത്രമാണ് സംഘത്തിൽ ചേർന്നതെന്നും ബിനീഷിനെയും മറ്റുള്ളവരെയും പരിചയമുള്ളതിനാൽ വണ്ടിയിൽ ഇരുന്നു മദ്യപിക്കാൻ മാത്രമാണ് താൻ കൂട്ടത്തിൽ ചേർന്നതെന്ന് വിഷ്ണുവും പോലീസിനു മൊഴി നൽകി.
എന്നാൽ ഇതു പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രധാന പ്രതിയെ പിടികൂടിയെങ്കിൽ മാത്രമേ കൂടതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. സംഭവത്തിൽ കഴിഞ്ഞ ദിവസം കോതമംഗലം കുപ്പകാട്ടിൽ ഇബ്രാഹിം അലി (22) ഉൾപ്പെടെ നാലു പേരെ പിടികൂടിയിരുന്നു. അലിയൊഴികെയുള്ള മൂന്നു പേർ വ്യാജ പ്രതികളാണെന്നു പോലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്പതോടെ ഏറ്റുമാനൂർ ടെന്പിൾ ജംഗ്ഷനിലായിരുന്നു സംഭവം. അക്രമത്തിൽ മുഴികുളങ്ങര കൊങ്ങൻപുഴകാലായിൽ കെ.എസ്. റോയ് (40)ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.