കുര്യൻ കുമരകം
കുമരകം: ഓർമ്മവച്ച നാൾ മുതൽ കാൽനടയായി മാത്രം യാത്ര ചെയ്ത അന്നമ്മ 93-ാ0 വയസിൽ വാഹനം വേണ്ടാത്ത ലോകത്തേക്ക് നടന്നല്ലാതെ യാത്രയായി. ചെറുപ്പം മുതൽ എത്ര ദൂരയാത്രയായാലും പാദരക്ഷയും വാഹനവും ഉപയോഗിക്കാതെയുള്ള അന്നമ്മയുടെ യാത്രയ്ക്കാണ്ഇന്നലെ അന്ത്യമായത്. പത്രമാധ്യമങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച കുമരകം നിവാസികളുടെ കാൽനട യാത്രക്കാരി കണ്ടാന്തറ അന്നമ്മ (93) ഇന്നലെ പുലർച്ചെയാണ് മരണമടഞ്ഞത്.
മുഹമ്മ സ്വദേശിനിയായ അന്നമ്മ ജലമാർഗം സഞ്ചരിക്കാൻ ബോട്ടും വള്ളവും ഉപയോഗിച്ചിരുന്നതായി ഇളയ മകനായ ഫാ. തോമസ് കുര്യൻ കണ്ടാന്തറ പറഞ്ഞു. വേന്പനാട്ടു കായലിലൂടെ നടക്കാൻ പറ്റാത്തതുകൊണ്ടു മാത്രമാണ് ബോട്ടിൽ കയറിയത്. കുമരകം ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽവച്ചാണ് അന്നമ്മയുടെ വിവാഹം നടന്നത്.
വധുവായ അന്നമ്മയെ ബന്ധുക്കൾ ബോട്ടിലാണ് മുഹമ്മയിൽനിന്ന് കുമരകത്ത് പള്ളിയിൽ എത്തിച്ചത്. കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടത്തിയ മകൻ തോമസ് അച്ചന്റെ പട്ടംകൊട ശുശ്രൂഷയിൽ പോലും കുമരകത്തുനിന്ന് കാൽനടയായി എത്തിയാണ് സംബന്ധിച്ചതും മടങ്ങിയതും. നേത്ര പരിശോധനയ്ക്കായി ചേർത്തലയിലേക്ക് നടന്നു പോയതാണ് അന്നമ്മയുടെ ദീർഘയാത്ര.
അഞ്ചു മാസം മുന്പുവരെ കാര്യമായ രോഗങ്ങളൊന്നും അന്നമ്മയെ ബാധിച്ചിരുന്നില്ല. പൊട്ടാസ്യത്തിന്റെ കുറവു മൂലമുണ്ടായ അബോധാവസ്ഥയെ തുടർന്ന് കിടപ്പിലായിട്ട് നാലു മാസമായി. അബോധാവസ്ഥയിൽ മക്കൾ കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടു പോയതു മാത്രമാണ് അന്നമ്മയുടെ റോഡൂ മാർഗമുള്ള വാഹന യാത്ര.
കുമരകം കണ്ടാന്തറ പരേതനായ കുര്യന്റെ ഭാര്യയായ അന്നമ്മയ്ക്ക് രണ്ട് ആണ്മക്കളാണ്. ജോജി കുര്യനും ഫാ. തോമസ് കുര്യൻ കണ്ടാന്തറയും.സംസ്കാരം കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ നടത്തി. പരേത മുഹമ്മ കളരിക്കൽ കുടുംബാംഗമാണ്.