ലക്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവർക്കു താക്കീതുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷേധിക്കുന്നവരുടെ വസ്തുവകകൾ കണ്ടെത്തി ലേലം ചെയ്യുമെന്നാണ് ആദിത്യനാഥിന്റെ ഭീഷണിയെന്നു പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ലക്നോവിൽ ഉൾപ്പെടെ സംസ്ഥാനത്തു പലയിടത്തും അക്രമങ്ങളുമുണ്ട്. ഇതിനെയെല്ലാം സർക്കാർ ശക്തമായി നേരിടും. പൊതുമുതൽ നശിപ്പിക്കുന്നവരുടെ വസ്തുവകകളെല്ലാം പിടിച്ചെടുത്തു ലേലം ചെയ്യും. അക്രമങ്ങൾ നടത്തിയവരുടെ ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്.
അവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. ജനാധിപത്യ രാജ്യത്ത് അക്രമങ്ങൾക്കു സ്ഥാനമില്ല. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പറഞ്ഞു കോണ്ഗ്രസും സമാജ്വാദി പാർട്ടിയും ഇടത് പാർട്ടികളും രാജ്യം കത്തിക്കുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശിൽ പലയിടങ്ങളിലും സംഘർഷം രൂക്ഷമാണ്. ലക്നോവിൽ വെടിവയ്പ്പിൽ ഒരാൾ മരിച്ചതായും മൂന്നുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്.
ഇന്റർനെറ്റ് നിയന്ത്രണം
ഉത്തർപ്രദേശിൽ കൂടുതൽ സ്ഥലങ്ങളിൽ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി. ലക്നോ, പിലിബിത്ത്, പ്രയാഗ് രാജ്, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ഇൻറർനെറ്റ് സേവനം റദ്ദാക്കിയത്. ലക്നോവിൽ നിയന്ത്രണം ശനിയാഴ്ച വരെ തുടരും.
സംഘർഷം വ്യാപിക്കാതിരിക്കാൻ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം കനത്ത സുരക്ഷാ സന്നാഹമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാർക്കു മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. പൊതുമുതൽ നശിപ്പിക്കുന്നവരുടെ വസ്തുവകകൾ കണ്ടെത്തി ലേലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മധ്യപ്രദേശിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തെ 44 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.