ആലപ്പുഴ: ദേശീയ പോഷണ ദൗത്യത്തിന്റെ ഭാഗമായ സന്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി അങ്കണവാടികൾ മുഖേന നൽകി വരുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സർവേയുമായി സഹകരിക്കണമെന്ന് കളക്ടർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി വർക്കറുമാർക്കും സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തിട്ടുണ്ട്.
അങ്കണവാടിയിൽ നിലവിൽ കൈകാര്യം ചെയ്തു വരുന്ന രജിസ്റ്ററുകളെല്ലാം സ്മാർട്ട് ഫോണിലൂടെ രേഖപെടുത്തലുകൾ വരുത്തുക എന്നതാണ് സർവേ കൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യമായ വിവരശേഖരണത്തിനും അതുവഴി അർഹരായ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ഐസിഡിഎസ് കാസ് കോമണ്‍ ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും തയ്യാറാക്കിയിട്ടുണ്ട്.
അങ്കണവാടി പ്രവർത്തകർ മുൻ വർഷങ്ങളിൽ സർവേ ഫോം ഉപയോഗിച്ച് നടത്തിവന്നിരുന്ന വാർഷിക കുടുംബ സർവ്വേ ഈ വർഷത്തിൽ സ്മാർട്ട് ഫോണ്‍ ഉപയോഗിച്ച് ചെയ്തുവരികയാണ്. ഇതിനായി വീടുകളിൽ എത്തുന്ന അങ്കണവാടി പ്രവർത്തകരോട് സഹകരിക്കണം. ആലപ്പുഴ ജില്ലയിൽ 2150 അങ്കണവാടികളാണുള്ളത്. അങ്കണവാടി കളിലൂടെ കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൗമാരക്കാരായ പെണ്‍കുട്ടികൾക്കും അർഹമായ ആനുകൂല്യങ്ങൾ കൃത്യസമയത്ത് എത്തിക്കുകയാണ് ലക്ഷ്യം.
ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട സേവനങ്ങൾ കൃത്യമായി ലഭിക്കാൻ വേണ്ടി ഗുണഭോക്താക്കളുടെ ആധാർ വിവരങ്ങളും രേഖപ്പെടുത്തും. റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഫ്ലാറ്റ് ഉടമകൾ എന്നിവരും ഈ കാര്യത്തിൽ പരിപൂർണ പിന്തുണയും, സഹകരണവും ഉറപ്പാക്കണമെന്നും കളക്ടർ അറിയിച്ചു