ആലപ്പുഴ: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പൂർണപരാജയമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിയിക്കുന്നതാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രളയത്തിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാത്തവരുടെ പരാതി സ്വീകരിച്ച് നടപടി സ്വീകരിക്കാൻ ഹൈക്കോടതി രാമങ്കരി ഒന്നാം ക്ലാസ് മജകസ്്രടേറ്റ് കോടതിയെ ചുമതലപ്പെടുത്തിയ സംഭവം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമാണ്.
പ്രളയദുരിത ബാധിതരുടെ യോഗം ജനുവരിയിൽ താൻ മുൻകൈയെടുത്ത് വിളിക്കും. പുഞ്ചകൃഷി ഉൾപ്പെടെ കഴിഞ്ഞ രണ്ടുതവണ സംഭരിച്ച നെല്ലിന്റെ വില സർക്കാർ നൽകാത്തത് കർഷകരെ കടകെണിയിലാക്കി. മുൻകാലങ്ങളിൽ കേന്ദ്ര ഫണ്ട് വൈകിയാലും സംസ്ഥാന സർക്കാർ ഫണ്ട് വിതരണം നൽകിയിരുന്നത്. കേന്ദ്രവിഹിതത്തിന്റെ പേരിൽ സംസ്ഥാന വിഹിതവും വൈകിപ്പിക്കുന്നതിലൂടെ കർഷകരെ ബാങ്കുകൾ ജപ്തിയിലേക്ക് തള്ളിവിടുകയാണ്.
പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസംസ്ഥാന ഭക്ഷ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും കർഷകരെ സഹായിക്കുന്നതിന് മുൻകാലങ്ങളിൽ കൈകൊണ്ട നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാ സർക്കാർ അലംഭാവം കാട്ടുകയാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി. കൈനകരി പഞ്ചായത്തിലെ കനകശേരിപാടത്ത് നടത്തിയ ബണ്ട് നിർമാണത്തിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വഷേണം നടത്തണമെന്നും എംപി ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങൾ പാലിക്കാതെ ടെൻഡർ നടത്താതെ 86ലക്ഷം രൂപ ചെലവഴിച്ച കൈനകരി പഞ്ചായത്ത് സെക്രട്ടറിയെ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റും ചെയ്യണം. മന്ത്രിമാർക്കും ഇതുമായി ബന്ധമുള്ള മുഴുവൻ ഉദ്യോഗസ്ഥരർക്കും കരാറുകാർക്കും എതിരെ കേസെടുക്കണം. കഴിവുകെട്ട ധനമന്ത്രിയാണ് തോമസ് ഐസക്. വാഗ്ദാനം പാലിക്കാൻ കഴിയില്ലെങ്കിൽ കബിളിപ്പിക്കുന്ന വാഗ്ദാനം നൽകുന്ന മന്ത്രിമാർ കുട്ടനാട് സന്ദർശിക്കരുതെന്നും കൊടിക്കുന്നിൽ പറഞ്ഞു