വടകര: അരയ്ക്കുതാഴെ തളർന്ന വൃദ്ധമാതാവിനെ മകൻ കയ്യൊഴിഞ്ഞതോടെ ജനമൈത്രി പോലിസ് രക്ഷകരായി. പുതുപ്പണം പാലോളിപ്പാലം തെക്കെ കൊയിലോത്ത് വയലിൽ ദേവിക്കാണ് (65) കാരുണ്യത്തിന്റെ കരുതലുമായി വടകര പോലിസ് എത്തിയത്. ബന്ധുക്കളാരും തിരിഞ്ഞു നോക്കാതെ വന്നതോടെ ഈ അമ്മയെ പോലീസ് തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
ദേവിയുടെ ദയനീയാവസ്ഥ കണ്ട പോലിസ് വൈക്കിലശേരി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന മകനെ വിളിച്ചുവരുത്തി കാര്യങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് കുറച്ചുദിവസം അമ്മയെ ശുശ്രൂഷിച്ചെങ്കിലും പിന്നീട് ദേവിയുടെ അസുഖബാധിതയായ അനുജത്തിയുടെ വീട്ടിലാക്കി ഇയാൾ കയ്യൊഴിഞ്ഞു. അനുജത്തിയാവട്ടെ മക്കളോടൊപ്പം പോയതോടെ ദേവിയുടെ അവസ്ഥ ദയനീയമായി. പരിസരവാസികളായിരുന്നു ഭക്ഷണം കൊടുത്തിരുന്നത്.
കൈയ്ക്ക് സ്വാധീനക്കുറവ് കാരണം പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പ്രാഥമിക കൃത്യം ചെയ്യാൻ പോലും ബുദ്ധിമുട്ടുന്ന ദേവിയുടെ ദയനീയാവസ്ഥ വാർഡ് കൗണ്‍സിലർ ബീന കുനിയിൽ അറിയിച്ചതു പ്രകാരമാണ് ജനമൈത്രീ പോലിസ് ഇടപെടുന്നത്. ജനമൈത്രി ബീറ്റ് ഓഫീസർമാരായ പി.ടി.സജിത്ത്, എം.വി.ഷിനി, ഷിനിൽ എന്നിവരാണ് മനുഷ്യത്വത്തിന്റെ കരസ്പർശവുമായി എത്തിയത്. ദേവിയെ പരിചരിക്കാനും ആശ്വാസം പകരാനും ഇവർ ശ്രദ്ധിച്ചു.
ദേവിയെ ജനമൈത്രി പോലിസെത്തി നാട്ടുകാരുടെ സഹായത്താൽ കുളിപ്പിച്ച് വൃത്തിയാക്കി. സഹോദരങ്ങളേയും ഇവരുടെ മക്കളെയും പോലീസ് ബന്ധപ്പെട്ടെങ്കിലും വിസമ്മതം അറിയിച്ചതോടെയാണ് ദേവിയെ എടച്ചേരി തണൽ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. ഇവരുടെ മകനെതിരെ നിയമനടപടി വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.