സ്വന്തം ലേഖകൻ
തൃശൂർ: വിത്തുത്പാദനം മുതൽ വിളവെടുപ്പു വരെ കാലാനുസൃത മാറ്റങ്ങളെ ഉൾക്കൊണ്ട് കർഷകർക്കു തുണയാകാൻ വി എഫ് പി സി കെ യ്ക്കു കഴിയണമെന്ന് കൃഷിവകുപ്പുമന്ത്രി വി.എസ്.സുനിൽ കുമാർ. വിപണിയെ അറിഞ്ഞു കൊണ്ടുള്ള കൃഷിരീതികൾ കർഷകരിൽ എത്തിയാലേ ഇനി രക്ഷയുള്ളു. കയറ്റുമതി അടക്കമുള്ള അനന്ത സാധ്യതകൾ അറിഞ്ഞ് പുതിയ കൃഷിരീതികൾ കർഷകർ അവലംബിച്ചേ മതിയാകൂ.
ഉത്പാദന ക്ഷമതയുള്ള ജൈവ കൃഷിയിലേക്ക് മാറേണ്ട കാലഘട്ടമാണിത്. പരന്പരാഗത കൃഷിരീതികളെന്ന കടുംപിടുത്തം ഉപേക്ഷിച്ച് പ്രഫഷണലിസം കർഷകരിലേക്കം വ്യാപിപ്പിക്കണമെന്നു മന്ത്രി പറഞ്ഞു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിൽ കേരളം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉദ്യോഗസ്ഥർക്കെതിരെയും കൃഷിമന്ത്രി ആഞ്ഞടിച്ചു. വിഎഫ്പിസികെ എന്ന സ്ഥാപനം തങ്ങൾക്കു വേണ്ടിയാണെന്ന ധാരണ ഉദ്യോഗസ്ഥർക്കു വേണ്ടെന്നും ഇത് കർഷകർക്ക് വേണ്ടിയുള്ളതാണെന്നും മ്ന്ത്രി ഓർമിപ്പിച്ചു. ഉത്തരവാദിത്വം മറന്നു കൊണ്ടുള്ള ഉദ്യോഗസ്ഥ സമീപനം വെച്ചുപൊറുപ്പിക്കില്ല.
കർഷകരിലേക്ക് ഇറങ്ങിച്ചെന്നു വേണം സ്ഥാപനത്തിന്റ വരുമാനം വർധിപ്പിക്കാൻ. പദ്ധതികളുടെ ഉദ്ഘാടനം നടത്തിയാൽ മാത്രം പോരെന്നും അതു നടക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു.