ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സെൻഗാറിന് ജീവപര്യന്തം തടവ് ശിക്ഷ. ഇതു കൂടാതെ പ്രതി 25 ലക്ഷം രൂപ പിഴയായി നൽകണമെന്നും ഇതിൽ 10 ലക്ഷം രൂപ ഇരയായ പെണ്‍കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഡൽഹി തീസ്ഹസാരി കോടതി ജഡ്ജി ധർമേശ് ശർമയാണ് കേസിൽ വിധി പ്രസ്താവിച്ചത്.
ജീവപര്യന്തം എന്ന ശിക്ഷ ജീവിതാവസാനം വരെ തടവ് എന്നാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പോക്സോ കേസ് എന്ന പരിഗണന നൽകി പ്രതിക്ക് ജീവിതാവസാനം വരെ തടവ് വിധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. വിധി കേട്ടതിന് പിന്നാലെ പ്രതി കുൽദീപ് സെൻഗാർ കോടതി മുറിക്കുള്ളിൽ പൊട്ടിക്കരഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമം 363, 366, 376, 506, പോക്സോ നിയമങ്ങൾ പ്രകാരം സെൻഗാർ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മാനഭംഗം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതിക്ക് മേൽ ചുമത്തപ്പെട്ടിരുന്നത്. കേസിൽ തെളിവുകൾ നശിപ്പിക്കാൻ പ്രതികളുടെ ഭാഗത്തുനിന്നു ശ്രമമുണ്ടായതായും കോടതി കണ്ടെത്തിയിരുന്നു.
2017 ജൂണിലാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സെൻഗർ തട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്തത്. ഇതിനു ശേഷം 60,000 രൂപയ്ക്കുവിറ്റ പെണ്‍കുട്ടിയെ പോലീസാണ് രക്ഷിച്ചത്. ഇതിനു പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്പിൽ പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചതോടെ വിഷയം രാജ്യശ്രദ്ധ നേടി.
ഇതിനു പിന്നാലെ 2019 ജൂലൈയിൽ പെണ്‍കുട്ടിയെയും കുടുംബത്തെയും ട്രക്ക് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതും വലിയ കോളിളക്കത്തിനിടയാക്കി. അതീവ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെയും അഭിഭാഷകനെയും സുപ്രീംകോടതി ഇടപെട്ട് എയർ ആംബുലൻസ് മുഖേന ഡൽഹിയിലേക്കു മാറ്റുകയും ഡൽഹി കോടതിയിൽ പ്രത്യേക വിചാരണ നടത്താൻ നിർദേശിക്കുകയുമായിരുന്നു.
അപകടത്തിനു മുന്‍പ് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് പെണ്‍കുട്ടി എഴുതിയ കത്ത് പ്രകാരമാണു കേസുകളുടെ വിചാരണ ഡൽഹിയിലേക്കു മാറ്റിയത്. അപകടത്തിൽ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലും സെൻഗർ പ്രതിയാണ്. രണ്ടു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായത്.
മാനഭംഗ പരാതി ഉയർന്നതിനു പിന്നാലെ 2018 ഏപ്രിൽ മൂന്നിനു പെണ്‍കുട്ടിയുടെ അച്ഛനെ അനധികൃതമായി ആയുധം കൈവശം വച്ചെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ ഒന്‍പതിന് പോലീസ് കസ്റ്റഡിയിൽ അച്ഛൻ കൊല്ലപ്പെട്ടു. ഇപ്പോൾ പെണ്‍കുട്ടിയുടെ കുടുംബത്തിന് സിആർപിഎഫ് സുരക്ഷ നൽകിയിട്ടുണ്ട്. ഡൽഹി വനിതാ കമ്മീഷന്റെ സംരക്ഷണയിൽ വാടകക്കെട്ടിടത്തിലാണ് പെണ്‍കുട്ടിയും കുടുംബവും കഴിയുന്നത്.