തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്ന നടപടികൾ കേരളത്തിൽ നിർത്തിവയ്ക്കും. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്കകൾ ഉള്ളതിനാൽ നടപടി നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറെ സർക്കാർ നിലപാട് അറിയിച്ചു.
രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ ഒരു സ്ഥിതിവിവരക്കണക്കായതിനാൽ നിലവിലുള്ള രീതിയിൽ സെൻസസിനോടുള്ള സഹകരണം തുടരാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ കൂടി കണക്കിലെടുത്ത് നടപടികൾ നിർത്തിവയ്ക്കുകയാണ്. ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സർക്കാർ സഹകരിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്ന സർക്കാർ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്ന നടപടിയുമായി മുന്നോട്ടു പോകുന്നത് വിവാദമായിരുന്നു. ജനസംഖ്യാ രജിസ്റ്റർ പുതുക്കലുമായി മുന്നോട്ടു പോകുന്നത് ജനവഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശനം ഉന്നയിച്ചിരുന്നു.