തിരുവനന്തപുരം: എംഎൽഎ ആയിരിക്കേ മരണമടയുന്ന കേരള നിയമസഭയിലെ 46 ാമത്തെ അംഗമാണ് കുട്ടനാടിനെ പ്രതിനിധീകരിച്ച തോമസ് ചാണ്ടി. നിലവിലെ 14-ാം കേരള നിയമസഭയിലെ സിറ്റിംഗ് അംഗമായിരിക്കേ മരണമടഞ്ഞവരിൽ നാലാമനും. ഇപ്പോഴത്തെ നിയമസഭയിൽ ചെങ്ങന്നൂരിന്റെ പ്രതിനിധിയായ കെ.കെ. രാമചന്ദ്രൻനായർ 2018 ജനുവരി 14ന് അന്തരിച്ചു.
സിപിഎം പ്രതിനിധിയായ അദ്ദേഹത്തിനു പകരം ഉപതെരഞ്ഞെടുപ്പു വഴി സജി ചെറിയാൻ ചെങ്ങന്നൂരിന്റെ പ്രതിനിധിയായി. അതേ വർഷം ഒക്ടോബർ 20നു മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച മുസ്ലീംലീഗിലെ പി.ബി. അബ്ദുൾ റസാഖ് മരണമടഞ്ഞു.ഏറ്റവും കൂടുതൽ കാലം നിയമസഭാംഗവും മന്ത്രിയുമായിരുന്ന കെ.എം. മാണി 2019 ഏപ്രിൽ ഒൻപതിന് അന്തരിച്ചു. ഇന്നലെ എൻസിപി പ്രതിനിധി തോമസ് ചാണ്ടിയും.
കേരള നിയമസഭ രൂപീകൃതമായ ശേഷം മരിച്ചവരിൽ ആദ്യ അംഗം പറളിയെ പ്രതിനിധീകരിച്ചിരുന്ന ഡോ. എ.ആർ. മേനോനായിരുന്നു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മേനോൻ രണ്ടാം കേരള നിയമസഭ രൂപീകൃതമായ ശേഷം 1960 ഒക്ടോബർ ഒൻപതിന് അന്തരിച്ചു. 1961 ഏപ്രിൽ 17നു സ്പീക്കറും കുറ്റിപ്പുറത്തിന്റെ പ്രതിനിധിയുമായ കെ.എം. സീതി സാഹബും പിന്നാലെ പത്തനംതിട്ടയുടെ പ്രതിനിധിയായിരുന്ന സി.കെ. ഹരിചന്ദ്രൻനായരും അന്തരിച്ചു. 1962 ൽ മന്ത്രിയായിരുന്ന വി.കെ. വേലപ്പനും അരങ്ങൊഴിഞ്ഞു. വിവാദത്തെ തുടർന്നു ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ പി.ടി. ചാക്കോ 1964 ജൂലൈ 31ന് അന്തരിച്ചു.
മൂന്നാം കേരള നിയമസഭയിൽ എം.സി.എം. അഹമ്മദ് കുരിക്കൾ(മലപ്പുറം), കെ. കുഞ്ഞാലി (നിലന്പൂർ), എം.പി. കുഞ്ഞുരാമൻ(മലന്പുഴ), മത്തായി മാഞ്ഞൂരാൻ (മാടായി) എന്നിവരും സിറ്റിംഗ് അംഗങ്ങളായിരിക്കേ അന്തരിച്ചു. പൊതുമരാമത്തു മന്ത്രിയായിരുന്ന കൊല്ലത്തിന്റെ പ്രതിനിധി ടി.കെ. ദിവാകരനും നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കേ കുഴഞ്ഞുവീണു മരിച്ച പറവൂരിൽ നിന്നുള്ള കെ.ടി. ജോർജും നാലാം കേരള നിയമസഭയുടെ പ്രധാന നഷ്ടമായിരുന്നു. കെ.എം. ജോർജ് (പൂഞ്ഞാർ), വി.വി. കുഞ്ഞന്പു (നീലേശ്വരം), എ. കുഞ്ഞുക്കണ്ണൻ (ഇരുക്കൂർ), വി. കുട്ടപ്പൻ (നേമം), കൽപ്പള്ളി മാധവമേനോൻ (കാലിക്കറ്റ്), കെ.ഐ. രാജൻ (പീരുമേട്) എന്നിവരും നാലാം കേരള നിയമസഭയുടെ മറ്റു നഷ്ടങ്ങളായി.
അഞ്ചാം കേരള സഭയിൽ പി.പി. ജോർജ് (കോട്ടയം), പാട്യം ഗോപാലൻ (തലശേരി), ടി.എ. ഇബ്രാഹീം (കാസർഗോഡ്), ഇ. ജോണ് ജേക്കബ് (തിരുവല്ല), എം. കുഞ്ഞുകൃഷ്ണൻ നാടാർ (പാറശാല), എം.പി. നാരായണൻനായർ (തിരുവനന്തപുരം ഈസ്റ്റ്) എന്നിവരും ഏഴാം സഭയുടെ കാലത്ത് എൻ.എ. മമ്മുഹാജി (പെരിങ്ങളം), സി.എച്ച്. മുഹമ്മദ് കോയ (മഞ്ചേരി), സാം ഉമ്മൻ (പുനലൂർ), സണ്ണി പനവേലി (റാന്നി) എന്നിവരും അന്തരിച്ചു.
എട്ടാം സഭയുടെ കാലത്ത് തളിപ്പറന്പിൽ നിന്നുള്ള കെ.കെ.എൻ. പരിയാരവും ഒൻപതാം സഭയിൽ എം.സി. ചെറിയാൻ (റാന്നി), പി.കെ. ഇന്പിച്ചിബാവ (പൊന്നാനി), കെ. കുഞ്ഞാന്പു (ഞാറയ്ക്കൽ), കെ. രാഘവൻമാസ്റ്റർ (നോർത്ത് വയനാട്), പി. സീതിഹാജി (താനൂർ), കെ.കെ. ശ്രീനിവാസൻ (ഹരിപ്പാട്) എന്നിവരും അന്തരിച്ചു.
പത്താം സഭയിൽ മന്ത്രിയായിരുന്ന വി.കെ. രാജൻ (മാള), പി.ആർ. കുറുപ്പ് (പെരിങ്ങളം), പി. രവീന്ദ്രൻ (ചാത്തന്നൂർ), എം.കെ. കേശവൻ (വൈക്കം) എന്നിവരേയും 2001 മുതൽ 2006 വരെ നീണ്ട 11-ാം സഭയിൽ തിരുവല്ലയുടെ പ്രതിനിധി മാമ്മൻ മത്തായിയേയും അരീക്കോടിന്റെ പ്രതിനിധി ടി.കെ. ബാലനെയും നഷ്ടമായി. കഴിഞ്ഞ നിയമസഭയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബും സ്പീക്കർ ജി. കാർത്തികേയനും നികത്താനാകാത്ത നഷ്ടങ്ങളായി.