ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദിൽ വൻ പ്രക്ഷോഭം നയിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ 3.30 ഓടെയാണ് ചന്ദ്രശേഖറിനെ കസ്റ്റഡിയിലെടുത്തത്.
ജുമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖർ കസ്റ്റഡിയിൽ പോകാൻ തയ്യാറായത്. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ ചന്ദ്രശേഖറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് കസ്റ്റഡിയിലുള്ള 42 പേരിൽ എട്ട് കുട്ടികളുമുണ്ട്. 4-15 വയസിനിടയിലുള്ളവരാണ് ഇവർ. ചന്ദ്രശേഖറിനെ കസ്റ്റഡിയിൽ എടുത്തതിനുശേഷം ഇവരെ മോചിപ്പിച്ചു തുടങ്ങി. പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തതിനെതിരെ ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് ആയിരക്കണക്കിനാളുകൾ എത്തിയ ജുമാ മസ്ജിദിന്റെ ഗേറ്റുകളിൽ ഒന്ന് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു.
ഇതോടെ നമസ്കാരത്തിന് ശേഷം വിശ്വാസികൾ ഒന്നാമത്തെ ഗേറ്റിൽ തടിച്ചുകൂടി. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖർ ആസാദിനെ ജുമാ മസ്ജിദിന് പുറത്തുവെച്ച് പോലീസ് പിടികൂടി. പ്രതിഷേധവുമായി ജനങ്ങൾ എത്തിയതോടെ പോലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളിൽ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആൾക്കൂട്ടത്തിന് സമീപമെത്തി പ്രതിഷേധം തുടർന്നത്. ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കാട്ടിയും മുദ്രാവാക്യങ്ങൾ വിളിച്ചുമായിരുന്നു പ്രതിഷേധം.
പിന്നീട് ആസാദിനെ വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ ശ്രമം ഉണ്ടായെങ്കിലും ജനങ്ങൾ ഇടപെട്ട് തടഞ്ഞു. ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ചന്ദ്രശേഖർ ആസാദ് ജുമാ മസ്ജിദിൽ എത്തിയത്. വൻ ജനാവലിയാണ് ആസാദിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.
അതേസമയം, നിരവധി ആളുകൾ ജന്ദർ മന്ദറിലേക്ക് മാർച്ച് നടത്തിയതോടെ ഡൽഹി ഗേറ്റിന് സമീപം ബാരിക്കേഡു വച്ച് പോലീസ് മാർച്ച് തടഞ്ഞിരുന്നു. നേരത്ത, തന്നെ അറസ്റ്റ് ചെയ്തെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചിരുന്നു.
അതീവജാഗ്രത
ഡൽഹിയിൽ ഇന്നും അതീവജാഗ്രതയിലാണ്. പല സ്ഥലങ്ങളിൽ പല സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിന് കേന്ദ്രീകൃതമായ സ്വഭാവമില്ലെന്നതും പോലീസിനെ കുഴക്കുന്നു. ഉത്തർപ്രദേശിൽ ഇപ്പോഴും പലയിടത്തും അതീവജാഗ്രത തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ ആറുപേർ മരിച്ചെന്നാണ് ഒൗദ്യോഗിക റിപ്പോർട്ട്. എന്നാൽ പ്രാദേശിക മാധ്യമങ്ങൾ മരണം 11 എന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധമാരംഭിച്ചശേഷം അസം, യുപി, കര്‍ണാടകം എന്നിവിടങ്ങളിലായി ഇതുവരെ 17 പേര് സംഘര്‍ഷത്തില്‍ മരിച്ചു.
അതേസമയം, മരിച്ചവരാരും പോലീസ് വെടിവയ്പ്പിലല്ല മരിച്ചതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി. സിംഗ് പറഞ്ഞു. ഒരു തവണ പോലും പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.സംസ്ഥാനത്ത് 21 നഗരങ്ങളിൽ ഇന്റർനെറ്റ് വിഛേദിച്ചു. മീററ്റ് അടക്കമുള്ള ചില നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഹാറിൽ ആർജെഡി ബന്ദ് പുരോഗമിക്കുന്നു.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കയിലും ഇന്ത്യൻ വംശജർ പ്രതിഷേധ പ്രകടനം നടത്തി. ചിക്കാഗോയിലും ബൂസ്റ്റണിലുമാണ് പ്രതിഷേധങ്ങൾ നടന്നത്. പ്രതിഷേധയോഗത്തിൽ 150 ഓളം ആളുകൾ പങ്കെടുത്തെന്നാണ് റിപ്പോർട്ട്.