വാഷിംഗ്ടൺഡിസി: വിമാനം മോഷ്ടിക്കാൻ ശ്രമിച്ച പതിനേഴുകാരിയെ കലിഫോർണിയ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഫ്രെൻസോ യോസ്മെറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ സുരക്ഷാവേലി ചാടിക്കടന്ന പതിനേഴുകാരി അവിടെ പാർക്ക് ചെയ്തിരുന്ന വിമാനത്തിൽ കയറി പൈലറ്റിന്റെ സീറ്റിലിരുന്നു. തുടർന്നു വിമാനം സ്റ്റാർട്ടു ചെയ്തു. എന്നാൽ സുരക്ഷാവേലിയിലും ഒരു കെട്ടിടത്തിലും ഇടിച്ച് വിമാനം നിൽക്കുകയായിരുന്നു.
വിമാനത്തിൽ യാത്രക്കാരാരുമില്ലായിരുന്നുവെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ പറഞ്ഞു. വിമാനം റൺവേയിലൂടെ നീങ്ങുന്നതിന്റെയും കെട്ടിടത്തിൽ ഇടിച്ചു നിൽക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ഇതു ഭീകരാക്രമണമാണെന്നതിനു യാതൊരു തെളിവുമില്ലെന്നും പോലീസ് മേധാവി ഡ്രൂ ബെസിംഗർ അറിയിച്ചു.
ചൊവ്വാഴ്ച മുതൽ മകളെ കാണാതായതാണെന്ന് അറസ്റ്റിലായ പതിനേഴുകാരിയുടെ മാതാവ് ഫ്രെൻസോയിലെ ടിവി സ്റ്റേഷനോടു പറഞ്ഞു.