പയ്യന്നൂര്‍: ആള്‍താമസമില്ലാതിരുന്ന വീടിന്റെ സമീപത്തെ ഷെഡിന്റെ പൂട്ടുപൊളിച്ചു മോഷണം നടത്താന്‍ ശ്രമിച്ച കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന തമിഴ്നാട് കള്ളക്കുറുച്ചി ലക്ഷ്യം വില്ലേജിലെ അമ്മാളിയുടെ മകന് എ.കണ്ണനാണു (43) പിടിയിലായത്. പെരിങ്ങോം പോലീസ് അറസ്റ്റ്ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ചൂരലിലാണു മോഷണം. ചൂരല്‍ എല്‍പി സ്കൂളിനു സമീപത്തെ കാരങ്ങാട്ട് കുന്നുമ്പുറത്ത് വീട്ടില്‍ ജനാര്‍ദനന്റെ വീടിനു സമീപത്തെ ഷെഡിന്റെ പൂട്ടുതകര്ത്താണു മോഷണ ശ്രമം. അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കള്ളന് ഓടി രക്ഷപ്പെടുകയായിരുന്നു.
അയല്‍വാസിയാണു നാട്ടുകാരോട് ഇക്കാര്യമറിയിച്ചത്.രണ്ടുദിവസങ്ങളിലായി ഈ പ്രദേശങ്ങളില്‍ ചെറിയ മോഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നതിനാല്‍ കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പരിസരവാസികള്‍. വിവരമറിഞ്ഞയുടന്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലുകള്‍ക്കൊടുവില്‍ വൈകുന്നേരത്തോടെ മാത്തില്‍ കുറുവേലിയില്നിന്നും പിടികൂടിയ ഇയാളെ പോലീസിനു കൈമാറുകയായിരുന്നു.
അതേസമയം പിടിയിലായ കള്ളന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേയും പോലീസ് കേസെടുത്തു.