ആലപ്പുഴ: സൂര്യഗ്രഹണത്തെ വരവേൽക്കാൻ ജില്ലയിൽ വിപുലമായ സംവിധാനങ്ങളൊരുക്കിയിട്ടുള്ളതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാപഞ്ചായത്തിന്റെയും വിവിധ ശാസ്ത്ര സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ 26ന് രണ്ടുലക്ഷം പേരെ ഗ്രഹണം കാണിക്കാനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്. വലയഗ്രഹണം രാവിലെ 8.06 മുതലാണ് ദൃശ്യമാകുക. 9.28ന് ഗ്രഹണം അതിന്റെ പരമാവധി അവസ്ഥയിൽ കാണാനാകും. 11.09 ഓടെ അവസാനിക്കും.
ഇതുമായി നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ദൂരീകരിക്കാനും ശാസ്ത്രാഭിരുചി വർധിപ്പിക്കാനും വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘാടകസമിതിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. റിസോഴ്സ് പേഴ്സണ്‍മാർക്കുള്ള ജില്ലാ-താലൂക്ക്തല പരിശീലനങ്ങൾ പൂർത്തിയായി. ജില്ലയിലെന്പാടും 25,000 സൗരക്കണ്ണടകൾ വിതരണം ചെയ്യും. ജില്ലയിൽ അന്‍പതിടങ്ങളിൽ ഗ്രഹണ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്.
ഇവിടെ സൗരക്കണ്ണട, മിറർ പ്രൊജക്്ഷൻ തുടങ്ങിയവയുടെ സഹായത്തോടെ പൊതുജനങ്ങൾക്കായി ഗ്രഹണ നിരീക്ഷണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അറിയിച്ചു.ശാസ്ത്രക്ലാസ്, പരീക്ഷണങ്ങൾ, പാനൽ പ്രദർശനം എന്നിവയുമുണ്ടാകും. ഗ്രഹണസമയത്ത് ഭക്ഷണം പാകം ചെയ്യൽ, ഭക്ഷണവിതരണം എന്നിവയും സംഘടിപ്പിക്കും.
സൗരക്കണ്ണടകൾക്ക് 9446792643 (ജയൻ ചന്പക്കുളം) എന്ന നന്പറിൽ ബന്ധപ്പെടണം. പത്രസമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു, കണ്‍വീനർ ജിമ്മി കെ. ജോസ്, പരിഷത്ത് ജില്ലാ സെക്രട്ടറി സി. പ്രവീണ്‍ലാൽ, പ്രസിഡന്റ് ഡി. കൃഷ്ണകുമാർ, എൽ. അജിത്ത്കുമാർ എന്നിവർ പങ്കെടുത്തു.