കൊച്ചി: ഇന്നലെ അന്തരിച്ച മുൻ മന്ത്രിയും എൻസിപി സംസ്ഥാന പ്രസിഡന്റുമായ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ (72) സംസ്കാരം 24 ന് നടക്കും. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 23ന് ഉച്ചയ്ക്ക് ഒരു മണിയോടെ പ്രത്യേകം ക്രമീകരിച്ച വാഹനത്തിൽ ഇടപ്പള്ളി-പാലാരിവട്ടം-ബൈപ്പാസ് വൈറ്റില വഴി ആലപ്പുഴയ്ക്കു കൊണ്ടുപോകും.
ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചുവരെ ആലപ്പുഴ മുനിസിപ്പൽ ടൗണ് ഹാളിൽ പൊതുദർശനം. 5.30ന് ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പൂപ്പള്ളിക്ക് സമീപമുള്ള ഭവനത്തിലേക്കു കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾക്കു മുന്നോടിയായി 24ന് ഉച്ചയ്ക്ക് 12ന് ഭവനത്തിൽ പ്രാർഥന ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേന്നംകരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിലെ കുടുംബക്കല്ലറയിലാണു സംസ്കാരം നടക്കുക. തുടർന്ന് മൂന്നിന് പള്ളിയങ്കണത്തിൽ അനുശോചന സമ്മേളനവും ചേരും.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് മകൻ ടോബിയുടെ എറണാകുളം വൈറ്റിലയിലുള്ള വസതിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിലേക്കു കൊണ്ടുപോകും മുന്പു മരണം സംഭവിച്ചു. അർബുദരോഗത്തെത്തുടർന്നു ചികിത്സയിലായിരുന്നു. അമേരിക്കയിൽ ഒരു മാസം മുന്പും ചികിത്സയ്ക്കു വിധേയനായി. കുട്ടനാട്ടിലെ കൈനകരി ചേന്നങ്കരി വെട്ടിക്കാട്, കളത്തിപ്പറന്പിൽ വി.സി. തോമസ്-ഏലിയാമ്മ ദന്പതികളുടെ മകനായി 1947 ഓഗസ്റ്റ് 29നായിരുന്നു ജനനം.
ചേന്നങ്കരി ദേവമാതാ, കൈനകരി സെൻറ് മേരീസ്, ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളുകളിൽ വിദ്യാഭ്യാസം. മദ്രാസിൽനിന്നു ടെലികമ്യൂണിക്കേഷനിൽ ഡിപ്ലോമ നേടി. ഭാര്യ മേഴ്സി ചേന്നങ്കരി വടക്കേക്കളം കുടുംബാംഗം. അമേരിക്കയിൽ താമസമാക്കിയ ബെറ്റി, ഡോ. ടോബി, ടെസി എന്നിവരാണ് മക്കൾ. ലെനി മാത്യു (യുഎസ്എ), ഡോ. അൻസു സൂസൻ, ജോയൽ ജേക്കബ് (കുവൈറ്റ്) എന്നിവർ മരുമക്കൾ. മരണസമയത്തു ഭാര്യ മേഴ്സിയും മക്കളും അടുത്തുണ്ടായിരുന്നു.
പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടി വ്യവസായി, റിസോർട്ട് ഉടമ, നെഹ്റുട്രോഫി വള്ളംകളി ചീഫ് കോ-ഓർഡിനേറ്റർ, പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി വള്ളംകളി പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു. മൂന്നു തവണ കുട്ടനാട്ടിൽനിന്ന് എംഎൽഎയായി.
യൂത്ത് കോണ്ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയത്തിൽ തുടക്കം. കെ. കരുണാകരനുമായി അടുപ്പം പുലർത്തി. കോണ്ഗ്രസ് വിട്ട കരുണാകരനൊപ്പം ഡിഐസിയിൽ ചേർന്നു. ഡിഐസി സീറ്റിൽ യുഡിഎഫിനൊപ്പമായിരുന്നു കന്നിയങ്കം. 2006ൽ കേരള കോണ്ഗ്രസ്-ജോസഫിലെ ഡോ. കെ.സി. ജോസഫിനെതിരേ വിജയത്തുടക്കം.
2011ൽ ഇരുവരും മുന്നണി മാറി പരസ്പരം വീണ്ടും മത്സരിച്ചെങ്കിലും തോമസ് ചാണ്ടി വിജയമാവർത്തിച്ചു. 2016ൽ കേരള കോണ്ഗ്രസ്-എമ്മിലെ ജേക്കബ് ഏബ്രഹാമിനെ പരാജയപ്പെടുത്തിയായിരുന്നു മൂന്നാം വിജയം. 2017 ഏപ്രിലിൽ മന്ത്രിയായി. 2017 നവംബറിൽ കായൽ കൈയേറ്റ ആരോപണങ്ങളെത്തുടർന്നു രാജിവച്ചു.
നിയമസഭയിലെ ഏറ്റവും സന്പന്നനായ എംഎൽഎ എന്ന വിശേഷണമുള്ള തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി വ്യവസായ സ്ഥാപനങ്ങളുണ്ട്. കുവൈറ്റ് കേന്ദ്രീകരിച്ചായിരുന്നു പ്രധാന സംരംഭങ്ങളെല്ലാം.
അതിനാൽ കുവൈറ്റ് ചാണ്ടി എന്ന പേരിലും തോമസ് ചാണ്ടി അറിയപ്പെട്ടു. കുവൈറ്റിലും റിയാദിലും സ്വന്തമായി സ്കൂളുകളുണ്ട്. മരണവിവരം അറിഞ്ഞ് എംഎൽഎമാരായ പി.ടി. തോമസ്, ജോണ് ഫെർണാണ്ടസ്, മുൻ എംപി പി.സി. ചാക്കോ, വ്യവസായി എം.എ. യൂസഫലി, സംവിധായകൻ ബ്ലെസി, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. മാത്യു, സുൽഫിക്കർ മയൂരി, പ്രദീപ് പാറപ്പുറം തുടങ്ങിയവർ വസതിയിലും ആശുപത്രിയിലുമെത്തി അന്തിമോപചാരമർപ്പിച്ചു.
കർഷകൻ എന്ന നിലയിൽ അഭിമാനിക്കുന്ന ആളായിരുന്നു തോമസ് ചാണ്ടി: മന്ത്രി ജി.സുധാകരൻ
തിരുവനന്തപുരം: മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടിയുടെ വേർപാട് അത്യന്ത്യം അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് മന്ത്രി ജി.സുധാകരൻ. അദ്ദേഹവുമായി അടുത്ത സ്നേഹ ബന്ധം കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഒരു കർഷകൻ എന്ന നിലയിൽ അഭിമാനിക്കുന്ന ആളായിരുന്നു തോമസ് ചാണ്ടി- മന്ത്രി ജി.സുധാകരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കുട്ടനാടിനെ അദ്ദേഹം അളവറ്റ് സ്നേഹിച്ചിരുന്നു. അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും അദ്ദേഹം ബിസിനസ്സ് സംബന്ധമായ ആവശ്യങ്ങൾക്ക് ചികിത്സയ്ക്കുമായി പോകുന്പോഴും അദ്ദേഹത്തിന്റെ ഹൃദയം കുട്ടനാട്ടിലായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് എന്നോടൊപ്പം കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അദ്ദേഹം സജീവമായിരുന്നു.
കുട്ടനാട്ടിലെ വികസനത്തിൽ അദ്ദേഹം നല്ല നിലയിൽ മനസ്സ് അർപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം പ്രളയത്തെ അതിജീവിക്കുന്ന നിലയിൽ എ.സി റോഡ് പുനർ നിർമ്മിക്കുവാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം പൂർണ്ണ പിന്തുണ നൽകുകയും വകുപ്പിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു. – മന്ത്രി പറഞ്ഞു.
തോമസ് ചാണ്ടിയുടെ വിയോഗം ഒരു ഞെട്ടലോടെ മാത്രമെ കുട്ടനാട്ടുകാർക്ക് ഉൾക്കൊള്ളാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹത്തിന്റെ ഭാര്യയുടേയും മക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും മന്ത്രി ജി.സുധാകരൻ അനുശേചന സന്ദേശത്തിൽ പറഞ്ഞു.
അനുശോചിച്ചു
കുട്ടനാട് എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന തോമസ്ചാണ്ടിയുടെ നിര്യാണത്തിൽ കേരള ഡെവലപ്മെന്റ് ആന്ഡ് കൾച്ചറൽ സൊസൈറ്റി ചെയർമാൻ ജയ്സപ്പൻ മത്തായി, ജനറൽ സെക്രട്ടറി അലക്സ് മണപ്പുറം എന്നിവർ അനുശോചിച്ചു.