കൊല്ലം: ക്രിസ്മസ്-പുതുവത്സര ദിവസങ്ങളില്‍ ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനും റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനും 24 മണിക്കൂര്‍ പരിശോധനപോലിസ്-എക്സൈസ്-മോട്ടര്‍ വാഹന വകുപ്പ് എന്നിവ ചേര്‍ന്ന് നിര്‍വഹിക്കുമെന്ന് ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍.ആഘോഷ വേളയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാതല ഉദ്യോസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഉത്സവകാലത്ത് ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. അളവുകളും തൂക്കങ്ങളും വകുപ്പ് പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തണം. സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ പൂഴ്ത്തിവയ്പ്പ് ഉള്‍പ്പടെ വിലകയറ്റത്തിന് ഇടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയണം. ന്യായവിലയ്ക്ക് സാധനങ്ങള്‍ നല്കാന് താലൂക്ക്തല സംവിധാനം ഒരുക്കുന്നത് പരിശോധിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറെയാണ് ചുമതലപ്പെടുത്തിയത്.
വ്യാജമദ്യത്തിന്റെ അപകടം മുന്നില്‍കണ്ട് പോലിസും എക്സൈസും സംയുക്ത പരിശോധനകള്‍ നടത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടു. മാലിന്യനിക്ഷേപം തടയാന്‍ പ്രത്യേക സ്ക്വാഡുകള്‍ രംഗത്ത് ഇറങ്ങണം. കോര്പറേഷന്-മുനിസിപാലിറ്റി തുടങ്ങി തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.
ക്രിസ്മസ്, പുതുവത്സരം എന്നീ ദിവസങ്ങളില്‍ സിറ്റി-റൂറല്‍ പൊലിസ് രാത്രികാല പരിശോധന കര്‍ശനമാക്കണം. അമിത മദ്യപാനവും അതിവേഗ വാഹനമോടിക്കലും തടയുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കണം.
മോട്ടര്‍ വാഹന വകുപ്പിന്റെ സഹകരണവും തേടണം. ഒഴിവ് ദിവസങ്ങളില്‍ കായല്‍-വയല്‍ നികത്തല്‍ പോലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കെ മുഴുവന്‍ സമയ ജാഗ്രത പാലിക്കാന്‍ തഹസീല്‍ദാര്‍മാരെ കളക്ടര്‍ ചുമതലപ്പെടുത്തിയത്.