നാദാപുരം: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് കല്ലാച്ചിയില്‍ അടിച്ച് തകര്‍ത്തു. പി.പി.ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 പി.2025 നമ്പര്‍ ബസിനുനേരെയാണ് അക്രമം ഉണ്ടായത്. ബസിന്റെ മുന്‍-പിന് ഭാഗങ്ങളിലെ ഗ്ലാസുകള്‍ അടിച്ച് തകര്‍ക്കുകയും ടയറുകള്‍ കുത്തിക്കീറി നശിപ്പിക്കുകയും ചെയ്ത നിലയിലാണ്.
വെള്ളിയാഴ്ച രാത്രി ട്രിപ്പ് കഴിഞ്ഞ് കല്ലാച്ചിയില്‍ സംസ്ഥാനപാതയില്‍ നിര്‍ത്തിയതായിരുന്നു. ഇന്ന് രാവിലെ ബസെടുക്കാന്‍ ഡ്രൈവര്‍ എത്തിയപ്പോഴാണ് അക്രമം ശ്രദ്ധയില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം ഈ ബസിലെ ക്ലീനറെ കുറ്റ്യാടി തളിക്കരയില്‍ വെച്ച് രണ്ടംഗ സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു .
ഇതിന് പിന്നാലെയാണ് ബസിനുനേരെയും അക്രമം ഉണ്ടായത്. തൊട്ടില്‍പാലം സ്വദേശി അയൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇവരുടെ ഉടമസ്ഥതയിലുള്ള 18 ഓളം ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നില്ല. ഹര്‍ത്താല്‍ ദിനത്തില്‍ ഓര്‍ക്കാട്ടേരിയില്‍ വച്ചാണ് പത്തംഗ സംഘം ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തത്. ഇതില്‍ പത്ത് പേര്‍ക്കെതിരെ കേസെടുക്കുകയും നാലുപേരെ എടച്ചേരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റും ചെയ്തിരുന്നു.