മഞ്ചേരി: വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ ആശ്രിതർക്ക് 1,02,15,000 രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ കോടതി വിധിച്ചു. പെരിന്തൽമണ്ണ മാനത്തുമംഗലം പച്ചീരി മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ നാസർ (26) ആണ് മരിച്ചത്. 2018 ജൂണ്‍ 22ന് രാത്രി 9.30നാണ് അപകടം.
വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി മാനത്തുമംഗലത്തു നിന്നു താഴെക്കോട്ടേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു അബ്ദുൽ നാസർ. താഴെക്കോട് വച്ച് എതിരെ വന്ന ഇന്നോവ കാർ ഇടിച്ച് പരിക്കേറ്റ അബ്ദുൽ നാസറിനെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഒരാഴ്ചക്ക് ശേഷം ചികിത്സ ഫലിക്കാതെ മരണപ്പെടുകയായിരുന്നു.
ഒന്പതുശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കന്പനി കോഴിക്കോട് ശാഖ നൽകണമെന്ന് ജഡ്ജി വിൻസെന്റ് ചാർളി വിധിച്ചു.