ആറരക്കോടി വർഷങ്ങൾ പഴക്കമുള്ള ഫോസിൽ കണ്ടെത്തി. രണ്ട് നായ്ക്കുട്ടികളാണ് ഈ കണ്ടെത്തലിന് പിന്നിൽ. സ്റ്റോഫോഡിലെ സോമർസെറ്റിലുള്ള ബീച്ചിലെത്തിയ ജോണ് ഗോപ്സിൽ എന്ന ബ്രിട്ടീഷ് നഴ്സിനൊപ്പമുണ്ടായിരുന്ന രണ്ട് നായ് കുട്ടികളാണ് ഈ ഫോസിൽ കണ്ടെത്തിയത്. വേലിയിറക്ക സമയത്താണ് ഇവർ ബീച്ചിലെത്തിയത്.
ഏകദേശം അഞ്ചരയടിയോളം നീളമുള്ള ഈ ഫോസിൽ ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇക്തിയോസോർ വിഭാഗത്തിൽപ്പെട്ട ജീവിയുടേതാണെന്നാണ് വിദഗ്ദർ പറയുന്നത്. ലണ്ടൻ നേച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ വിദഗ്ദരാണ് ഈ ഫോസിൽ പരിശോധിച്ചത്. എന്നാൽ ഇക്തിയോസോർ വിഭാഗത്തിലെ ഏത് ജീവിയാണിതെന്ന് നിർവചിക്കുവാൻ അവർക്ക് സാധിച്ചില്ല.
ഇതിന് മുൻപ് പടിഞ്ഞാറൻ സോമർസെറ്റിലെ പല തീരങ്ങളിൽ നിന്നും ജുറാസിക്-ട്രയാസിക് കാലഘട്ടത്തിലെ നിരവധി ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഡോൾഫിനുകളോടാണ് ഇവയ്ക്ക് കൂടുതൽ സാമ്യം. കഴിഞ്ഞ വർഷം കണ്ടെത്തിയ ഒരു ഇക്തിയോസർ ഫോസിലിന് ഏകദേശം 20 കോടി പഴക്കമുണ്ടെന്നാണ് വിദഗ്ദർ പറഞ്ഞത്. ട്രയാസിക് കാലഘട്ടത്തിൽ രൂപപ്പെട്ട ഇക്തിയോസറുകൾ കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വലിയ അളവിൽ കടലിലുണ്ടായിരുന്നുവെന്നും വിദഗ്ദർ വിശദീകരിക്കുന്നു.