ജോയി കിഴക്കേൽ
മൂലമറ്റം: വിശുദ്ധ അൽഫോൻസാമ്മയുടെ ശിഷ്യഗണത്തിലെ അവസാന കണ്ണിയായ ഏലിക്കുട്ടി അമ്മച്ചി 102-ാം വയസിന്റെ നിറവിൽ. വാകക്കാട് പുന്നത്താനിയിൽ പരേതരായ തൊമ്മൻ – ഏലിക്കുട്ടി ദന്പതികളുടെ ഏഴു മക്കളിൽ നാലാമത്തെ മകളായ ഏലിക്കുട്ടി അമ്മച്ചിക്കു തന്റെ ടീച്ചറായിരുന്ന അൽഫോൻസാമ്മയെക്കുറിച്ചു പറയുന്പോൾ നൂറുനാവ്.
വാകക്കാട് സെന്റ് പോൾസ് സ്കൂളിൽ മൂന്നാം ക്ലാസിലാണ് അന്നക്കുട്ടി ടീച്ചർ അറിവിന്റെ മുത്തുകൾ പകർന്നു നൽകിയത്. പള്ളിയുടെ താഴത്തെ നടയിലും തെങ്ങിൻ ചുവട്ടിലും ഇരുന്നാണു പഠിപ്പിച്ചിരുന്നത്. അന്നക്കുട്ടി ടീച്ചർ പഠിപ്പിച്ചിരുന്ന സ്കൂൾ ഇന്ന് സെന്റ് അൽഫോൻസ സ്കൂളായി മാറി.
എല്ലാം പ്രൗഢത്വവും പുല്ലിന്റെ പൂപോലെ… അന്ന് ഗുരു പാടിയ പാട്ടിന്റെ വരികൾക്കും ഓരോ മൊഴികൾക്കും ഇന്നും പച്ചപ്പിന്റെ നിറവ്.
അന്നത്തെ ചങ്ങനാശേരി ബിഷപ് മാർ ജെയിംസ് കളാശേരി സ്കൂളിൽ സന്ദർശനം നടത്തുന്നതിനു മുന്പായി ടീച്ചർ തന്റെ തലയിൽ കൈവച്ചു പ്രാർഥിച്ച കാര്യം അമ്മച്ചി ഓർമിക്കുന്നു. സ്കൂൾ പഠനം കഴിഞ്ഞ് ഏറെ വർഷങ്ങൾക്കു ശേഷം ഭരണങ്ങാനം മഠത്തിലെത്തി അൽഫോൻസാമ്മയെ കണ്ടപ്പോഴും ഗുരു- ശിഷ്യ ബന്ധത്തിന് അൽപംപോലും മങ്ങലേറ്റിയിരുന്നില്ല.
വയസ് 102 ആയെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഏലിക്കുട്ടിയെ അലട്ടുന്നില്ല. നല്ല ഓർമയും കാഴ്ചശക്തിയും ഉണ്ട്. കാര്യമായ ഒരു രോഗവുമില്ല. പതിവായി ബൈബിൾ വായിക്കും. അൽഫോൻസാമ്മയോടുള്ള മാധ്യസ്ഥവും ജപമാലയുമാണ് തന്റെ ആരോഗ്യത്തിന്റ രഹസ്യമെന്ന് അമ്മച്ചി പറയുന്നു.
ഫലിതം പൊഴിയുന്ന അധരവും പുഞ്ചിരിതൂകുന്ന മുഖവും അമ്മച്ചിയുടെ അടുത്തെത്തുന്നവർക്കു ഹൃദ്യമായ അനുഭവമാണ്. എണ്ണയും കുഴന്പും തേച്ചാണ് കുളി. കപ്പ, ചേന്പ്, ചേന, കാച്ചിൽ എന്നിവയോടാണ് പ്രിയം. പരേതരായ റോസമ്മ, വർക്കി, ജോർജ്, അന്നക്കുട്ടി, ജോസഫ്, തൊമ്മൻ എന്നിവരാണ് സഹോദരങ്ങൾ. തൊടുപുഴ കുടയത്തൂർ ഞരളംപുഴ പുന്നത്താനിയിൽ പരേതരായ ജോസഫ് – മറിയം ദന്പതികളുടെ മകനായ ജോസിന്റെ വീട്ടിലാണ് അവിവാഹിതയായ ഏലിക്കുട്ടി താമസിക്കുന്നത്.
ഒരു വർഷം മുന്പ് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സന്ദർശനം നടത്തിയ വേളയിൽ വീട്ടിലെത്തി അദ്ദേഹം സമ്മാനിച്ച ജപമാലയും വിശുദ്ധ അൽഫോൻസാമ്മയുടെ രൂപവും കണ്ണിലെ കൃഷ്ണമണി പോലെയാണ് അമ്മച്ചി സൂക്ഷിച്ചുവച്ചിരിക്കുന്നത്.