മുംബൈ: ജീവിതച്ചെലവ് കുതിച്ചു കയറുന്ന ഒരു പുതുവർഷമാണു രാജ്യത്തെ കാത്തിരിക്കുന്നത്. പാലും പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങളും മുതൽ ടിവിയും റഫ്രിജറേറ്ററും വരെ പുതുവർഷത്തിൽ കൂടിയ വിലയ്ക്കേ കിട്ടൂ.
ധാന്യങ്ങൾ മുതൽ സ്റ്റീൽ വരെയുള്ള പ്രാഥമിക ഉത്പന്നങ്ങളുടെ വിലക്കയറ്റമാണു വില കൂട്ടാൻ കാരണമായി കന്പനികൾ ചൂണ്ടിക്കാട്ടുന്നത്. ഗോതന്പ്, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് 12 മുതൽ 20 വരെ ശതമാനം വില വർധിച്ചു. പാലിനു കഴിഞ്ഞയാഴ്ച വില കൂട്ടിയിരുന്നു.
ഗോതന്പുപൊടിക്ക് 20 ശതമാനം വരെ വില കൂടി. പഞ്ചസാര വില 14 ശതമാനം വർധിച്ചു. ഭക്ഷ്യ എണ്ണവില 15 ശതമാനം കൂടി. പാലിനും പാലുൽപന്നങ്ങൾക്കും 35 ശതമാനം വരെ വിലവർധനയുണ്ട്.
ഇതെല്ലാം ബേക്കറി ഉത്പന്നങ്ങൾക്കും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾക്കും വില കൂട്ടും. നെസ്ലെ, ഐടിസി, ബ്രിട്ടാനിയ, പാർലെ തുടങ്ങിയ കന്പനികൾ പായ്ക്കറ്റുകൾക്കു വില കൂട്ടുകയോ പായ്ക്കറ്റിന്റെ ഭാരം കുറയ്ക്കുകയോ ചെയ്യും. വില വർധിപ്പിച്ചു എന്നു തോന്നാതെ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന വിദ്യയാണു പായ്ക്കറ്റിന്റെ കനം കുറയ്ക്കുന്നത്.
പുതിയ ഊർജക്ഷമതാ വ്യവസ്ഥകളും ഘടക പദാർഥങ്ങളുടെ വിലവർധനയും കൺസ്യൂമർ ഇലക്ട്രോണിക്സ്, ഗൃഹോപകരണ നിർമാതാക്കളെ വില കൂട്ടാൻ നിർബന്ധിതമാക്കുന്നു. പുതിയ ഊർജ ക്ഷമതാ ചട്ടങ്ങൾ റഫ്രിജറേറ്റർ വില 800 മുതൽ ആയിരം രൂപ വരെ വർധിക്കാൻ കാരണമാകും. എയർ കണ്ടീഷണറുകളുടെ ഊർജ ക്ഷമതാ നിയമം 2021-ലേക്കു നീട്ടിയതിനാൽ അവയ്ക്ക് ഇപ്പോൾ വില കൂടില്ല.
ടെലിവിഷൻ പാനലുകളുടെ വില രാജ്യാന്തര തലത്തിൽ 15 മുതൽ 17 വരെ ശതമാനം കൂടിയിട്ടുണ്ട്. ടിവി വില അഞ്ചുമുതൽ 10 വരെ ശതമാനം വർധിക്കാൻ അതിടയാക്കും.