തലശേരി: പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധവുമായി വിവാഹച്ചടങ്ങിൽ വധൂവരന്മാർ രംഗത്തെത്തിയത് പുതുമയായി. ചിറക്കര ഞള്ളിൽ ഹൗസിൽ കെ.പി. രാജൻ-സി.എം. കമല ദന്പതികളുടെ മകൻ കെ.പി. പ്രശാന്തും കുട്ടിമാക്കൂൽ അവിട്ടം ഹൗസിൽ സുരേഷ് ചിറമ്മൽ-പി.പി. അജിത ദന്പതികളുടെ മകൾ വിസ്മയയും തമ്മിലുള്ള ഇന്നലെ നടന്ന വിവാഹമാണ് പൗരത്വബില്ലിനെതിരായ പ്രതിഷേധത്തിന് വേദിയായത്.
ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനുശേഷം വീട്ടിലേക്കുള്ള യാത്രയിലാണ് നവദന്പതികൾ വേറിട്ട പ്രതിഷേധമറിയിച്ചത്. സമരംചെയ്യുന്നവരെ മതപരമായി അധിക്ഷേപിച്ച പ്രധാനമന്ത്രിയുടെ നിലപാടിനെതിരേ നിസ്കാരതൊപ്പിയും പ്ലക്കാർഡുമായാണ് പ്രശാന്ത് വിവാഹപാർട്ടിയുടെ മുന്നിൽ നടന്നത്. പ്രതിഷേധിക്കുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരേയായിരുന്നു തൊപ്പി ധരിച്ചുള്ള വിയോജിപ്പ്.
പ്രതിരോധം അപരാധമല്ല, അവകാശമാണ്, റിജക്ട് സിഎബി എന്നെഴുതിയതായിരുന്നു വധുവിന്റെ പ്ലക്കാർഡ്.
വിവാഹപാർട്ടിയിലുണ്ടായിരുന്ന നാട്ടുകാരുടെ മാത്രമല്ല വഴിയോരത്തുള്ള ജനങ്ങളുടെയും ശ്രദ്ധയാകർഷിക്കുന്നതായി വിവാഹനാളിലെ വേറിട്ട പ്രതിഷേധം.