സി.സി.സോമൻ
കോട്ടയം: പോലീസിന്റെ പ്രതിഛായ നന്നാക്കാൻ മുഖ്യമന്ത്രി വീണ്ടും ഉദ്യോഗസ്ഥരെ നേരിട്ടു കാണുന്നു. എസ്എച്ച്ഒ മുതൽ മുകളിലേക്ക് ഡിജിപി വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ജനുവരി നാലിന് കൂടിക്കാഴ്ച നടത്തും. തൃശൂർ പോലീസ് അക്കാദമിയിലാണ് കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ നടന്നു വരുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ് മൂന്നു മാസം കഴിഞ്ഞപ്പോഴാണ് ആദ്യം പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.
അന്ന് എസ്ഐ മുതൽ മുകളിലേക്കുള്ള എല്ലാ പോലീസ് ഉദ്യോസ്ഥരെയുമാണ് മുഖ്യമന്ത്രി നേരിട്ടു കണ്ടു സംസാരിച്ചത്. പിന്നീട് നെടുങ്കണ്ടം ഉരുട്ടിക്കൊലയ്ക്കു ശേഷം ഡിവൈഎസ്പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മുഖ്യമന്ത്രി പോലീസിലെ കാര്യങ്ങൾ ആരാഞ്ഞു. അന്ന് വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന മറ്റു പോലീസ് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു.
പോലീസിന്റെ പ്രവർത്തനം സംബന്ധിച്ച് മുഖ്യമന്ത്രി അന്ന് ചില നിർദേശങ്ങൾ നല്‍കിയിരുന്നു. പൊതുജനങ്ങളോട് മാന്യമായി ഇടപെടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന നിർദേശം. മൂന്നാം മുറ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല എന്നും മുഖ്യമന്ത്രി കർശന നിർദേശം നല്‍കിയതാണ്.
എന്നാൽ അതിനു ശേഷവും പോലീസിനെതിരേ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വീണ്ടും പോലീസ് ഉദ്യോഗസ്ഥരെ നേരിട്ടു കാണാൻ തീരുമാനിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒന്നര വർഷം ശേഷിക്കേയാണ് സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുള്ളത് എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു.