തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് എം.പി. ഇ.ടി. മുഹമ്മദ് ബഷീർ. ഭരണഘടനയെ സംരക്ഷിക്കാൻ ഗവർണർക്ക് ഉത്തരവാദിത്വമുണ്ടെന്നും എന്നാൽ ആ ഉത്തരവാദിത്വം ഗവർണർ നിറവേറ്റുന്നില്ലെന്നും ഇ.ടി.മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി ബില്ലിനെതിരെ എൽഡിഎഫുമായി ചേർന്ന് സംയുക്ത സമരമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗിന്റെ നിലപാടും ഇത് തന്നെയാണ്. പൗരത്വ ബില്ലിനെതിരെ എൽഡിഎഫിന്റെ മനുഷ്യചങ്ങലയിൽ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് ലീഗ് തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോസ്റ്റ് ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് രാവിലെ മുതലാണ് ധർണ ആരംഭിച്ചത്.