തിരുവനന്തപുരം: കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടൻ മോഹൻരാജിനെപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തയ്ക്കെതിരേ ജനറൽ ആശുപത്രിയിലെ ഡോക്ടർ. മോഹൻരാജിനെ ബന്ധുക്കൾ ആരും അന്വേഷിക്കാനില്ലാതെ ജനറൽ ആശുപത്രിയിൽ അവശനിലയിൽ തള്ളിയെന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും സമൂഹമാധ്യമങ്ങൾ ആ നടനോട് ചെയ്യുന്നത് ക്രൂരതയാണെന്നും ജനറൽ ആശുപത്രിയിലെ ഡോക്ടർ ശോഭ രാഷ്ട്രദീപികയോട് പറഞ്ഞു.
മോഹൻരാജ് ജനറൽ ആശുപത്രി പേവാർഡിൽ ആണ് ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിന് സഹായവുമായി ബന്ധുക്കളും സുഹൃത്തുക്കളും സമീപത്തുണ്ട്. അദ്ദേഹം ആരോഗ്യവാനാണ്. സോഷ്യൽ മീഡിയയിൽ അവശനിലയിൽ അദ്ദേഹം ജനറൽ ആശുപത്രിയിൽ ആരും പരിചരിക്കാനില്ലാതെ കഴിയുന്നുവെന്ന വാർത്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിന് വളരെയേറെ വിഷമം ഉണ്ടാക്കിയിരിക്കുകയാണ്- ഡോ.ശോഭ പറഞ്ഞു.
വെരിക്കോസ് വെയിൻ അസുഖത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പേ വാർഡിൽ കഴിയുന്ന അദ്ദേഹത്തെ പരിചരിക്കാൻ രണ്ട് സഹോദരൻമാർ ഒപ്പമുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന്റെ ഒരു സഹോദരൻ. ഈ സഹോദരന് വെരിക്കോസ് വെയിനിന്റെ അസുഖം ചികിത്സിച്ച് ഭേദമാക്കിയത് ജനറൽ ഹോസ്പിറ്റലിലെ ഡോ. ശോഭ ആയിരുന്നു.
നേരത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മോഹൻരാജിനോട് സഹോദരൻ തന്റെ അസുഖം ഭേദമായ വിവരം അറിയിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ നിന്നും ഭാര്യയും സഹോദരൻമാരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെന്നൈയിൽ ബാങ്ക് മാനേജരായ അദ്ദേഹത്തിന്റെ ഭാര്യ വിമാന മാർഗം ജനറൽ ആശുപത്രിയിലെത്തി പരിചരിക്കാറുണ്ട്. ചികിത്സാ കാര്യത്തിലും പരിചരണ കാര്യത്തിലും ഭാര്യയും സഹോദരങ്ങളും നല്ല ശ്രദ്ധ പുലർത്തുന്നതിനിടെയാണ് സോഷ്യൽ മീഡിയകളിലും ചില മാധ്യമങ്ങളിലും തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്. തെറ്റായ വാർത്തകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് മനോവിഷമം ഉണ്ടാക്കിയതായി ഡോ. ശോഭ രാഷ്ട്രദീപികയോട് പറഞ്ഞു. അതേസമയം വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപരി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് മോഹൻരാജിന്റെ ബന്ധുക്കൾ.