കോട്ടയം: അർധരാത്രിയിൽ നഗര റോഡുകളിലൂടെ സഞ്ചരി ച്ചാൽ സ്ത്രീകൾക്ക് എന്തു സംഭവിക്കും? അതറിയാൻ ഇനി നാലു ദിവസം കൂടി കാത്തിരിക്കണം. 29നാണ് സംസ്ഥാനത്തൊട്ടാകെ രാത്രിയിലെ സ്ത്രീനടത്തം. ‘ പൊതുഇടം എന്റേതും’ എന്ന പേരിൽ നടത്തുന്ന സ്ത്രീ നടത്തം 29 മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടു വരെ തുടരും. വനിതാ ശിശു വികസന വകുപ്പ് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് രാത്രിയിലെ സ്ത്രീ നടത്തം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 100 പട്ടണങ്ങളിൽ രാത്രി 11 മുതൽ ഒരു മണി വരെ സ്ത്രീകൾ തനിച്ച് യാത്ര ചെയ്യും. ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നതെങ്കിലും സ്ത്രീകൾക്കൊപ്പം പോലീസുണ്ടാവില്ല. അതേ സമയം പോലീസ് ഇവരുടെ വിളിപ്പുറത്തുണ്ടാവും. ആരെങ്കിലും സ്ത്രീകളെ ശല്യം ചെയ്താൽ അവരെ ഉടൻ പിടികൂടാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രാത്രിയിൽ നഗരങ്ങളിലെത്തുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. സാംസ്കാരികമായി എത്ര ഉയർന്ന നാടാണെങ്കിലും സ്ത്രീകൾക്ക് രാത്രിയിൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. സ്ത്രീകൾക്ക് രാത്രിയിൽ നടക്കാനുള്ള അവകാശമുണ്ടെന്നും ആരുടെയും ശല്യമില്ലാതെ അവർക്ക് വീട്ടിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസം നേടിയെടുക്കുകയുമാണ് സ്ത്രീ നടത്തം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വനിതാ ശിശു വികസന വകുപ്പിലെ ജീവനക്കാരും വനിതാ സംഘടനകളിൽപ്പെട്ടവരും രാത്രി നടത്തം പരിപാടിയിൽ പങ്കാളികളാകും. നടത്തത്തിന് തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്ത് വഴിവിളക്കും സിസിടിവി കാമറകളും ഉറപ്പാക്കും. സ്ത്രീകൾ ഒറ്റയ്ക്കും ചെറു സംഘങ്ങളുമായിട്ടാണ് നടക്കുക.