പത്തനംതിട്ട: മണ്ഡലപൂജ അടുത്തതോടെ ശബരിമലയിലേക്ക് വൻ ഭക്തജനപ്രവാഹം. ഇതിനിടെ 26നു സൂര്യഗ്രഹണം കാരണം ശബരിമല നട നാല് മണിക്കൂർ അടച്ചിടുന്നതു കൂടി കണക്കിലെടുത്ത് ഇന്നും നാളെയും ദർശനത്തിനുവേണ്ടി വൻ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ഇന്നലെ മുതൽ പന്പയിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിച്ചു തുടങ്ങി. ദർശനത്തിനായി മണിക്കൂറുകൾ നീളുന്ന ക്യൂവും ഇതോടൊപ്പം വാഹനങ്ങളുടെ വൻ തിരക്കും കൂടി ആയതോടെ ഇടത്താവളങ്ങളിൽ ഭക്തരെ തടഞ്ഞു തുടങ്ങി. ഇന്നലെ പത്തനംതിട്ടയിലും എരുമേലിയിലും വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞിട്ടിരുന്നു.
തങ്കയങ്കി ചാർത്തി ദീപാരാധന നടക്കുന്ന 26 ന് തന്നെയാണ് സൂര്യഗ്രഹണവും സംഭവിക്കുന്നത്. ഇതു കാരണം ശബരിമല നട വളരെ കുറച്ച് സമയം മാത്രമാകും തുറന്നിരിക്കുക. ഈ സമയം കൊണ്ട് ഇവിടേക്ക് എത്തുന്ന മുഴുവൻ തീർഥാടകർക്കും ദർശനം സാധ്യമാകില്ല. 27നാണ് മണ്ഡലപൂജ. മണ്ഡലപൂജദിവസം ഉണ്ടാകാനുള്ള തിരക്ക് കൂടി കണക്കിലെടുത്ത് ഈ ദിവസങ്ങളിൽ നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
തടയുന്ന തീർഥാടകരെ തൊട്ടടുത്ത ഇടത്താവളങ്ങളിലേക്ക് മാറ്റുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി ജയദേവ് അറിയിച്ചു. നാളെ വൈകുന്നേരം അനുഭവപ്പെടുന്ന തിരക്ക് അനുസരിച്ച് നിയന്ത്രണങ്ങൾ ആരംഭിക്കും. 25 ന് രാത്രിയിൽ സന്നിധാനത്ത് തങ്ങുന്നവരുടെ എണ്ണം കണക്കാക്കി, 26 ന് പുലർച്ചെ നാലു മുതൽ വഴിയിൽ തീർഥാടകരെ തടയും. പന്പയിൽ കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയാത്തതിനാൽ ഭക്തരെ നിലയ്ക്കലിൽ തടയും.
ഇവിടുത്തെ പാർക്കിംഗ് ഗ്രൗണ്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും 99 ശതമാനം നിറയുന്നതോടെ തീർഥാടകരെ വഴിയിൽ തടയും. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഇടത്താവളങ്ങളിലേക്ക് ഇവരെ മാറ്റും. ഇവിടങ്ങളിൽ ഭക്ഷണം, വെള്ളം, പ്രാഥമികാവശ്യങ്ങൾ എന്നിവ ലഭ്യമാക്കും. ദർശനം കഴിഞ്ഞ തീർഥാടകർ മലയിറങ്ങുന്നതിന് അനുസരിച്ച് പന്പയിലേക്ക് തീർഥാടകരെ കയറ്റി വിടും.
ഈ സമയം നിലയ്ക്കലിൽ വരുന്ന ഒഴിവിലേക്ക് ഇടത്താവളങ്ങളിൽ നിന്നുള്ളവരെ കടത്തി വിടും. ദർശനം കഴിഞ്ഞ മടങ്ങുന്ന തീർഥാടകരെ പ്രത്യേക സർവീസ് നടത്തി കഐസ്ആർടിസി നിലയ്ക്കലിൽ എത്തിക്കും. പെരുനാട്, വടശേരിക്കര, പത്തനംതിട്ട, എരുമേലി, പൊൻകുന്നം, കോന്നി, പത്തനാപുരം തുടങ്ങിയ മേഖലകളിലാകും ഭക്തരെ തടയുക.
നിലയ്ക്കൽ, സന്നിധാനം, എരുമേലി, പന്പ എന്നിവിടങ്ങളിൽ ഓരോ കന്പനി സായുധ പോലീസിനെ അധികമായി വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്ക് ഡിഐജി നേതൃത്വം നൽകും. തീർഥാടകർ ഒന്പതു മുതൽ 12 മണിക്കൂർ വരെ വഴിയിൽ കുടുങ്ങിയിയേക്കുമെന്നും പത്തനംതിട്ട എസ്പി സൂചന നൽകി.
മണ്ഡലപൂജ 27ന്; മകരവിളക്ക് ജനുവരി 15-ന്
ശബരിമല: നാൽപ്പത്തിയൊന്നു ദിവസത്തെ ശബരിമല മണ്ഡല മഹോത്സവത്തിന്റെ സമാപന ദിനമായ 27-ന് പുലർച്ചെ മൂന്നിന് ക്ഷേത്രനട തുറക്കും. 3 .15 മുതൽ ഏഴുവരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. എട്ടു മുതൽ 9.30 വരെ നെയ്യഭിഷേകം തുടരും. 10 നും 11.40നും ഇടയ്ക്കുള്ള കുംഭം രാശിയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും. ഉച്ചക്ക് ഒന്നിന് നട അടക്കും.
അന്നേ ദിവസം വൈകുന്നേരംനാലിന് നട വീണ്ടും തുറക്കും. ദീപാരാധന വൈകുന്നേരം 6.30ന്. അത്താഴപൂജ 9.30 ന്. രാത്രി 9.50 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിനും പരിസമാപ്തിയാകും. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര നട ഡിസംബർ 30 ന് വൈകുന്നേരം അഞ്ചിന് തുറക്കും. 2020 ജനുവരി 15 നാണ് മകരവിളക്ക്.
ഹൃദയാഘാതം മൂലം മരിച്ചവർ 19
ശബരിമല: ദർശനത്തിനായി മലകയറുന്നതിനിടയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞവരുടെ എണ്ണം ഈ തീർഥാടനകാലത്ത് ഇതേവരെ 19 ആയി. ഇതിൽ 15 പേർ പന്പയിലും നാലുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരണപ്പെട്ടത്. പന്പ മുതൽ സന്നിധാനം വരെയുള്ള 15 എമർജൻസി മെഡിക്കൽ സെന്ററുകളിൽ വിവിധ അസുഖങ്ങളുമായി 30157 കേസുകൾ റിപ്പോർട്ടു ചെയ്തുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ബന്ധുക്കളെ കാണാതെ വിഷമിച്ചഅമ്മമാർക്ക് തുണയായി സുദർശനം
ശബരിമല: ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്നതിനായി രാത്രി ഏറെ വൈകി പന്പയിൽ എത്തിയപ്പോൾ ബന്ധുക്കളെ കാണാതെ വിഷമവൃത്തത്തിലായ വയോധികരായ അമ്മമാർക്ക് തുണയായി സുദർശനം പദ്ധതി. തമിഴ്നാട് സ്വദേശികളായ ദേവകിയും, കസ്തൂരിയും തങ്ങളെ കൂട്ടികൊണ്ട് പോകുവാൻ എത്തുന്ന ബന്ധുക്കളെ കാത്ത് മണിക്കൂറുകളോളം പന്പയിൽ അലഞ്ഞു. ബന്ധുക്കളെ കണ്ടെത്താൻ കഴിയാതെ വിഷമിച്ച അമ്മമാരെ സുദർശനം പദ്ധതി സന്നദ്ധ പ്രവർത്തകർ സാന്ത്വനിപ്പിച്ചു.
തുടർന്ന് സുദർശനം വിശ്രമ കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടു വരുകയും അവിടെയുള്ള ദ്വിഭാഷി അവരോടു കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു. ഫോണ് നന്പർ മനസിലാക്കി ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടു. അതേസമയം പന്പയിൽ മറ്റൊരിടത്ത് ബന്ധുക്കൾ അമ്മമാരെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ അവർ നിലയ്ക്കലിലേക്ക് മടങ്ങിയിരുന്നു.
ഇത് അറിഞ്ഞ് സുദർശനം പ്രവർത്തകർ അമ്മമാരെ പന്പയിൽ നിന്ന് നിലയ്ക്കൽ എത്തിച്ച് ബന്ധുക്കൾക്ക് സുരക്ഷിതമായി കൈമാറി. ആശങ്കയൊഴിഞ്ഞു സുരക്ഷിതരായി ബന്ധുക്കളുടെ അടുത്തെത്തിയതിന്റെ ആഹ്ലാദത്തിൽ അമ്മമാർ സന്തോഷാശ്രുക്കളോടെ ആലിംഗനം ചെയ്താണ് സുദർശനം സന്നദ്ധ പ്രവർത്തകരെ യാത്രയാക്കിയത്.
വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി
ശബരിമല: ശബരിമലയിൽ തിരക്ക് വർധിച്ചതോടെ പന്പയിലേക്കുള്ള വാഹനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. തിരക്ക് കുറയുന്നതിനനുസരിച്ച് വാഹനങ്ങൾ നിലയ്ക്കലിലേക്ക് കടത്തിവിടാനായിരുന്നു പോലീസ് തീരുമാനം. വരുംദിവസങ്ങളിലും സമാനമായ രീതിയിൽ നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.