എൽത്തുരുത്ത് : വേണ്ട കാടുപിടിച്ചു കിടക്കുന്ന ഈ സ്ഥലം വെട്ടി വെളുപ്പിച്ച് വൃത്തിയാക്കണ്ട…നമുക്ക് ഈ കാടിന്റെ പശ്ചാത്തലത്തിൽ നമ്മടെ പരിപാടി ഒരുക്കാം – ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ഇൻസ്പെയർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആളുകൾ പുൽക്കൂട് പ്രദർശനം നടത്താൻ തീരുമാനിച്ചപ്പോൾ അതൊരു വേറിട്ട പ്രദർശനമാക്കി മാറ്റാൻ കാടുപിടിച്ച കിടന്ന ഒരേക്കർ സ്ഥലത്തെ കാടുപോലെ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു.
കാടുപിടിച്ചു കിടന്ന സ്ഥലത്തിന് കാടിന്റെ മനോഹാരിതയും വശ്യതയും വന്യതയുമുണ്ടെന്ന് തോന്നിയതോടെ പുൽക്കൂട് പ്രദർശനം ഒറിജിനലിനൊക്കുന്ന കാടിന്റെ പശ്ചാത്തലത്തിൽ സജ്ജമാക്കാൻ ഇവർ നിശ്ചയിക്കുകയായിരുന്നു.
ഇന്നു വൈകീട്ട് 6.30ന് ഈ കാടും പുൽക്കൂട് പ്രദർശനവും സന്ദർശകർക്ക് തുറന്നുകൊടുക്കും. കഴിഞ്ഞ നാലുവർഷമായി എൽത്തുരുത്തിൽ തുടർച്ചയായി പുൽക്കൂട് പ്രദർശനം നടക്കുന്നുണ്ട്.
പ്രദർശനോദ്ഘാടനം എൽത്തുരുത്ത് ഇടവക വികാരി ഫാ. ജോസ് പയ്യപ്പിള്ളി നിർവ്വഹിക്കും. പ്രദർശനം കാണുവാൻ എത്തുന്നവർ നൽകുന്ന ധനസഹായം കാൻസർ രോഗികൾക്കും ഡയാലിസ് രോഗികൾക്കും ചികിത്സ സഹായമായി നൽകുന്നതോടെ ആഘോഷത്തിനപ്പുറം ഈ പുൽക്കൂട് പ്രദർശനം ജീവകാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ക്രിസ്മസ് സന്ദേശം കൂടിയാവുകയാണ്.