കോഴിക്കോട്/ തിരുവനന്തപുരം: ശാസ്ത്ര ലോകം ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം ദൃശ്യമായി. വടക്കൻ മേഖലകളിൽ ഗ്രഹണം കൂടുതൽ വ്യക്തമായി. വടക്കന്‍ കേരളത്തില്‍ പൂര്‍ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമാവും. കാസര്‍ഗോഡ്, ചെറുവത്തൂരാണ് ഗ്രഹണം ആദ്യം ദൃശ്യമായി തുടങ്ങിയത്. കണ്ണൂര്‍ നാദാപുരം, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലും ഗ്രഹണം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കി.
ചന്ദ്രന് ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോള്‍ വലയം പോലെ സൂര്യന് ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം. ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ ഗ്രഹണമാണ് ഇന്ന് കേരളത്തില്‍ ദൃശ്യമായത്. രാവിലെ 8.05 മുതല്‍ 11.10 മണിവരെ നീണ്ട ഗ്രഹണം 9.27 ന് പാരമ്യത്തിലെത്തി. ആ സമയം സൂര്യന് 90 ശതമാനത്തോളം മറയ്ക്കപ്പെട്ടു.
കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളില്‍ 2.45 മിനിറ്റ് സമയത്തേക്കാണ് വലയ ഗ്രഹണം ദൃശ്യമായത്. മറ്റു ജില്ലകളില്‍ ഭാഗിക ഗ്രഹണവും കണ്ടു. നഗ്ന നേത്രങ്ങള്‍ കൊണ്ടോ എക്സ്റേ ഫിലിം, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ചോ ഗ്രഹണം കാണരുത്. സോളാര്‍ ഫില്‍റ്ററുകള്‍, സോളാര്‍ കണ്ണടകള്‍, പിന്‍ഹോള്‍ കാമറ എന്നിവ ഉപയോഗിച്ച് ഗ്രഹണം കാണാം.
ഇതിനു മുമ്പ് കേരളത്തില്‍ വലയ ഗ്രഹണം ദൃശ്യമായത് 2010ല്‍ തിരുവനന്തപുരത്താണ്. 2021ജൂണ്‍ മാസം 21 ന് ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാവുമെങ്കിലും കേരളത്തില്‍ വളരെ ദുര്‍ബ്ബലമായ ഭാഗിക സൂര്യഗ്രഹണമായിരിക്കും കാണുക. അടുത്ത ശക്തമായ സൂര്യഗ്രഹണം 2031 മെയ് മാസം 21 നാണ്. അന്ന് 10 :58 മുതല്‍ 03:04 വരെ മധ്യകേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാകും.