കോഴിക്കോട്: പൗരത്വനിയമ ഭേദഗതിയില്‍ നേരിടുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാനൊരുങ്ങി ബിജെപി. ഇപ്പോള്‍ നടക്കുന്നത് കള്ളപ്രചരണങ്ങളാണെന്നും ഇത്തരം പ്രചരണങ്ങളിലകപ്പെട്ട് അണികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായാണ് സംസ്ഥാന നേതൃത്വം വിവിധ കര്‍മപരിപാടികളുമായി രംഗത്തെത്തുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്ത് ഉപരി നേതൃയോഗം സംഘടിക്കും.
കോഴിക്കോട് നേതൃയോഗം ഇന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും. പൗരത്വഭേദഗതി ബില്‍ എന്താണെന്നും ഇവ എന്തിന് വേണ്ടിയുള്ളതാണെന്നും ഇപ്പോള്‍ നടപ്പാക്കുന്നതിന്റെ ഉദ്യേശമെന്തെന്നും പൗരത്വബില്ലുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും നയങ്ങള്‍ എന്താണെന്നും പ്രാദേശിക നേതാക്കളെ ബോധ്യപ്പെടുത്തുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഇത്തരത്തില്‍ യോഗത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ അതത് പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പൗരത്വബില്ലിനെ കുറിച്ച് വിശദീകരിച്ച് നല്‍കും. ഇതോടെ പൗരത്വബില്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കിടയിലുള്ള ആശങ്കള്‍ പരിഹരിക്കാനാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരെ ബോധവാന്മാരാക്കിയ ശേഷം പിന്നീട് വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പുള്‍പ്പെടെ പൊതുസമൂഹത്തിന് നല്കി ബോധവത്കരണം നടത്തും . ഇതിനു വേണ്ടി ജില്ലാ കേന്ദ്രങ്ങളില്‍ ജനജാഗ്രതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. മണ്ഡലങ്ങളില്‍ ബോധവത്കരണ പദയാത്രകളും നടത്തും.
അതേസമയം പാര്‍ട്ടി നേരിടുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കേണ്ട സമയത്തും സംസ്ഥാന അധ്യക്ഷന്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണം വരുത്തുന്നുണ്ട്. അധ്യക്ഷസ്ഥാനത്തേക്ക് എം.ടി.രമേശിനുവേണ്ടിയും കെ.സുരേന്ദ്രന് വേണ്ടിയുമാണ് ഗ്രൂപ്പ് തിരിഞ്ഞ് വടംവലി നടക്കുന്നത്. സമവായത്തിനായി ദേശീയനേതാക്കള്‍ തന്നെ രംഗത്തെത്തുമെന്നാണ് സൂചനകള്‍ . 15നകം പുതിയ അധ്യക്ഷന്‍ വരുമെന്നാണ് ഇപ്പോള്‍ പറയുന്നത്.