പ്ലാശനാൽ: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു യുവാവ് മരിച്ചു. പ്ലാശനാൽ ആലപ്പാട്ട് മനോഹരന്റെ മകൻ കരുണ് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ന് പ്ലാശനാൽ കാളകെട്ടിയ്ക്കു സമീപമാണ് അപകടമുണ്ടായത്. പ്ലാശനാലിലുള്ള വീട്ടിലേക്കു വരുന്പോൾ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു കലുങ്കിൽ തലയിടിച്ചു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്നു പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ചങ്ങനാശേരി: കെഎസ്ആർടിസി സാനിയ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ചങ്ങനാശേരി കാക്കാംതോട് പുത്തൻപുരയ്ക്കൽ മുഹമ്മദ് അൻസാരി (44) ആണ് മരിച്ചത്. ഇന്നലെ രാത്രി 11ന് എംസി റോഡിൽ തുരുത്തി ഫൊറോന പള്ളിക്കു സമീപമാണ് അപകടം.
പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്നു നാലിന് ചങ്ങനാശേരി പുതൂർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ ഷിറാസ്. മക്കൾ: അൽന, അഹില, ഇസാൻ.
പൊൻകുന്നം: ശബരിമല തീർത്ഥാർടനം കഴിഞ്ഞ് മടങ്ങിയ കാർ മരത്തിലിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. ഇന്നു വെളുപ്പിന് രണ്ടരയോടെ പാലാ-പൊൻകുന്നം റോഡിൽ ഒന്നാം മൈലിന് സമീപമാണ് അപകടമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർഥാടകർ.
കാർ നിയന്ത്രണം വിട്ട് മരത്തിലിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ തളിപ്പറമ്പ് കരിമ്പം സ്വദേശിയായ ആലൻവളപ്പിൽ സുനിലാണ് (43) മരിച്ചത്. സുനിലായിരുന്നു വാഹനമോടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന ലക്ഷ്മണൻ (59), വേണുഗോപാൽ (49), മനോജ് (45), സുരേഷ് (57) എന്നിവർക്ക് സാരമായി പരിക്കേറ്റു.
പരിക്കേറ്റവരെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുനിലിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. പൊൻകുന്നം പോലിസ് സ്ഥലത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചു.
നെടുമങ്ങാട് : പ്രഭാതസവാരിക്ക് ഇറങ്ങിയയാൾ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. ബി ജെ പി മുൻ മണ്ഡലം സെക്രട്ടറിയും ബി എം എസ് മുൻ മുനിസിപ്പൽ പ്രസിഡന്റുമായിരുന്ന കരിപ്പൂര് മുടിപ്പുര മായയിൽ ശശി പാലൻ (54)ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.
ഇന്നലെ കരിപ്പൂര് മുടിപ്പുര ജംഗ്ഷനിൽ വെച്ച് പുലർച്ചേ അഞ്ചിനായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശശിപാലനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ :ലത. മക്കൾ : ശംഭു, ശില്പ.
കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
ചാവശേരി(കണ്ണൂർ): ചാവശേരിയിൽ കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലോടെ ചാവശേരി മാവേലി സ്റ്റോറിന് സമീപത്തായിരുന്നു അപകടം.
ഇരിട്ടി ഭാഗത്ത് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. വഴി യാത്രക്കാരിക്കും കാർ ഡ്രൈവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെ ശബ്ദം കേട്ട് എത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്. മട്ടന്നൂർ പോലീസ് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.