ഗാന്ധിനഗർ: ചികിത്സയ്ക്കിടയിൽ ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചെന്ന് ആരോപണം. പരാതി നൽകുമെന്ന് ബന്ധുക്കൾ. ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളജ് രണ്ടാം വാർഡിലാണ് സംഭവം. ചങ്ങനാശേരി പായിപ്പാട് പള്ളിക്കര വലിയകുന്ന് കാട്ടിൽ ഷാജിമോൻ (50) ആണ് മരിച്ചത്.
നെഞ്ചുവേദനയും കടുത്ത ശ്വാസമുട്ടലും മൂലമാണ് ഇന്നലെ രാത്രി ഏഴിന് ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഷാജി മോനെ മെഡിക്കൽ കോളജ് രണ്ടാം വാർഡിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടൽ കുടുതലായതിനാൽ ഓക്സിജൻ മാസ്ക് ഘടിപ്പിച്ചാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്.
ഇന്നു രാവിലെ രോഗിയുടെ ആരോഗ്യനില വഷളാകയതിനെത്തുടർന്ന് ഡോക്ടർ എത്തി തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുവാൻ നിർദ്ദേശിച്ചു. തുടർന്ന് ജീവനക്കാരിയെത്തി രോഗിയെ സ്ട്രച്ചറിലേക്ക് മാറ്റിയശേഷം ഓക്സിസിജൻ സിലിണ്ടർ രോഗിയിൽ ഘടിപ്പിച്ചു.
എന്നാൽ ഓക്സിജൻ ലഭിക്കാതെ രോഗി അസ്വസ്ഥത പ്രകടിപ്പിച്ചു, തീവ്ര പരിചരണ വിഭാഗം തൊട്ടടുത്താണെന്നും, ഉടൻ തന്നെ അങ്ങോട്ടു കൊണ്ടുപോകാമെന്നും ജീവനക്കാരി പറയുകയും രോഗിയെ വാർഡിൽ നിന്നും പുറത്തേയ്ക്ക് ഇറക്കുകയും ചെയ്തതോടെ രോഗിയുടെ നില കൂടുതൽ വഷളായി.
ഐസിയുവിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു. മരണം സംഭവിച്ചിട്ടും ബന്ധുക്കൾക്ക് കാണാൻ അവസരം നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതു സംബന്ധിച്ച് ജീവനക്കാരുമായി രൂക്ഷമായ വാക്ക് തർക്കമുണ്ടായെങ്കിലും, പിന്നീട് പോലീസെത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത് പ്രശ്നം പരിഹരിച്ചു. ഇത് സംബന്ധിച്ച് പിആർഒയെ കണ്ട് പരാതി ബോധിപ്പിച്ചിട്ടുണ്ടെന്നും, മരണാനന്തര ചടങ്ങിനുശേഷം അധികൃതർക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.
എന്നാൽ രോഗി മരിച്ചത് സംബന്ധിച്ച് രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നും, കിട്ടിയ ശേഷം അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഭാര്യ: വാസന്തി, മക്കൾ: മിഥുൻ, വിദ്യ, വീണ. സംസ്ക്കാരം ഇന്ന് നാലിനു പായിപ്പാട് മുണ്ടിയേപ്പള്ളി ഐപിസി സെമിത്തേരിയിൽ.