വൈകുന്നേരം സ്കൂളിൽ നിന്നു മടങ്ങിയെത്തിയാൽ ബാഗും വലിച്ചെറിഞ്ഞ് അടുക്കളയിലേക്ക് ഓടുന്നതാണ് മിക്ക കുട്ടികളുടേയും പതിവ്. സ്കൂൾ വിട്ട് വിശന്നു വലഞ്ഞു വരുന്ന കുട്ടികളോട് ആഹാരത്തിനു മുൻപ് കൈകഴുകണം എന്നു പറഞ്ഞാൽ, ഭക്ഷണം കഴിച്ചിട്ട് കഴുകാം എന്നതാവും മിക്കവരുടേയും മറുപടി. ആഹാരത്തിനു മുൻപ് കൈ കഴുകിയില്ലെങ്കിൽ എന്തു സംഭവിക്കാനാ എന്നു ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
എന്നാൽ ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈ കഴുകുന്നതിനുള്ള പ്രാധാന്യം മനസിലാക്കിത്തരുന്നതാണ് ഡെയ്ന റോബർട്ട്സണ്‍ എന്ന അധ്യാപിക നടത്തിയ പരീക്ഷണം. അമേരിക്കയിലെ ഐഡഹോ ഫാൾസിലെ ഡിസ്കവറി എലമെന്ററി സ്കൂളിലെ അധ്യാപികയാണ് ഡെയ്ന റോബർട്ട്സണ്‍. സഹപ്രവർത്തകനും ബിഹേവിയറൽ സ്പെഷലിസ്റ്റുമായ ജരാലി മെറ്റ്കാൾഫിനും അവരുടെ വിദ്യാർഥികൾക്കുമൊപ്പമാണ് ഡെയ്ന തന്റെ പരീക്ഷണം നടത്തിയത്.
വിവിധ കഷ്ണങ്ങളായി മുറിച്ചു വച്ച ബ്രഡിൽ ഒരേ സമയം തൊടാൻ ഡെയ്ന തന്റെ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. കൈ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയവർ, ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിയവർ, കൈ കഴുകാത്തവർ, ക്ലാസ്മുറിയിലെ ക്രോംബുക്കിൽ തടവിയ ബ്രഡ് എന്നിങ്ങനെ നാലു വിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് കൂട്ടത്തിലുണ്ടായിരുന്നത്.
ഇതിനുപുറമേ ഒരു ബ്രഡിന്റെ കഷ്ണം ആരുടേയും കൈ തൊടാതെ മാറ്റിവയ്ക്കാനും ഡെയ്ന ശ്രദ്ധിച്ചു. ഈ അഞ്ച് കഷ്ണങ്ങളും വ്യത്യസ്ത പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മാറ്റിവച്ചു. ഒരു മാസത്തിനു ശേഷം കവറുകൾ തുറന്നു പരിശോധിച്ചപ്പോൾ കൈകഴുകാതെയിരുന്ന മടിയന്മാരൊക്കെ ഞെട്ടി.
കൈ തൊടാതെ വച്ച ബ്രഡിന്റെ കഷ്ണത്തിന് യാതൊരു മാറ്റവുമുണ്ടായില്ല. എന്നാൽ ക്രോം ബുക്കിൽ തടവിയ കഷ്ണം, കഴുകാത്ത കൈകളാൽ തൊട്ട കഷ്ണം, സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയ കൈകൾകൊണ്ട് തൊട്ട ബ്രഡ് എന്നിവയിൽ പൂപ്പൽ പിടിച്ചിരുന്നു. അതേസമയം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കിയ കൈകൾ കൊണ്ട് തൊട്ട ബ്രഡിന്റെ കഷ്ണത്തിനും യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.
ഒരു മാസം നീണ്ട പ്രക്രിയയായിരുന്നുവെങ്കിലും ആഹാരത്തിനു മുൻപ് കൈകഴുകുന്നതെന്തിന് എന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായി. ഭക്ഷണം കഴിക്കുന്നതിനു മുൻപു മാത്രമല്ല പാകം ചെയ്യുന്നതിനു മുൻപും കൈ കഴുകണം എന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.
കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ആഹാരത്തിനു മുൻപ് കൈകഴുകുന്ന ശീലം കുറവാണെന്ന് നിരീക്ഷകർ പറയുന്നു. എന്തായാലും ഡെയ്ന റോബർട്ട്സണിന്റെ പരീക്ഷണത്തിന്റെ ഫലം വന്നതോടെ ഇനി ജീവിതാവസാനം വരെ ഞങ്ങൾ ആഹാരത്തിനു മുൻപ് കൈ കഴുകിയേക്കാമേ… എന്ന് പറഞ്ഞിരിക്കുകയാണ് ഐഡഹോയിലെ വിദ്യാർഥികൾ.