എരുമേലി: വിമാനത്താവളത്തിന് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ച ചെറുവള്ളി എസ്റ്റേറ്റ് കയ്യേറി ഭൂസമരം നടത്താനുള്ള നീക്കം വിജയിച്ചില്ല. ഇന്നലെയാണ് സംഭവം. സമരനീക്കം പൊളിഞ്ഞതിനു പിന്നിൽ നേതാവ് ഒറ്റിയതാണെന്ന് സമരക്കാർ.
ഭൂസമരത്തിന് ആളുകളെ എത്തിച്ച് കയറ്റിവിട്ട ശേഷം നേതാവ് മുങ്ങിയത് ഫോണ് ചെയ്യാൻ വേണ്ടി. ആ ഫോണ് കോൾ ചാനൽ റിപ്പോർട്ടറുടെ ഫോണിലേക്കായിരുന്നു. സമരം തുടങ്ങിയെന്ന് നേതാവ് പറഞ്ഞത് വാസ്തവം ആണോയെന്നറിയാൻ റിപ്പോർട്ടർ വിളിച്ചത് ജില്ലാ കളക്ടറെ.
റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ച് കളക്ടർ തിരക്കിയതോടെ എരുമേലി പോലീസ് ഉണർന്നു. ഒപ്പം എസ്റ്റേറ്റ് മാനേജർ തൊഴിലാളികളെയും വാച്ചർമാരെയും വിളിച്ചുവരുത്തി. എസ്റ്റേറ്റിൽ അരിച്ചുപെറുക്കി തപ്പിയിട്ടും സമരക്കാരുടെ പൊടി പോലുമില്ല.
ഈ സമയമൊക്കെ ഭൂസമരത്തിന് വന്നവർ നേതാവിനെയും കാത്ത് തോട്ടത്തിൽ കൊതുക് കടിയേറ്റ് ഇരിക്കുകയായിരുന്നു. പടുത വലിച്ചുകെട്ടാനും സംഘടനയുടെ ബാനർ ഉയർത്തിക്കെട്ടാനും നേതാവ് ഫോണിൽ നിർദേശിച്ചതോടെ നേതാവ് നേരത്തേ തന്നിരുന്ന ബാനർ സമരക്കാർ കെട്ടി. ഒപ്പം പടുതകളും വലിച്ചുകെട്ടി.
സമരക്കാരെ കണ്ടെത്താൻ കഴിയാതെ പോലീസും എസ്റ്റേറ്റ് തൊഴിലാളികളുടെ തെരച്ചിൽ സംഘവും വലയുന്നത് അറിഞ്ഞ നേതാവ് അതിന് പരിഹാരമായി കൊടുത്ത നിർദേശമായിരുന്നു ബാനർ ഉയർത്താനും പടുത കെട്ടാനും. താൻ ഉടനെ വരുമെന്ന നേതാവിന്റെ വാക്ക് വിശ്വസിച്ച് കാത്തിരിക്കുകയായിരുന്നു സമരക്കാർ. ബാനറും നീല നിറത്തിലുള്ള പടുതകളുമാണ് സമരക്കാരെ കണ്ടെത്താൻ പോലീസിന് സഹായകമായത്.
എസ്റ്റേറ്റിനു പുറത്തുനിന്നുമെത്തിയ 200 പേരാണ് നേതാവിനെയും കാത്ത് ഭൂസമരത്തിന് തയ്യാറെടുത്തു നിന്നിരുന്നത്. എതിർപ്പുമായി കൂട്ടത്തോടെ എസ്റ്റേറ്റ് തൊഴിലാളികൾ എത്തുന്പോഴും നേതാവ് തങ്ങളെ ചതിക്കുകയായിരുന്നെന്ന കാര്യം സമരക്കാർ അറിഞ്ഞിരുന്നില്ല. നേതാവ് വരുമെന്ന വിശ്വാസത്തിൽ തൊഴിലാളികളോട് ചെറുത്തുനിൽക്കാനായിരുന്നു സമരക്കാരുടെ ശ്രമം.
എന്നാൽ തൊഴിലാളികളുടെ സംഘടിത ശക്തിക്ക് മുന്പിൽ സമരക്കാർ നിശബ്ദരായി. വാക്കേറ്റം ഉണ്ടായതല്ലാതെ സമരക്കാരെ കയ്യേറ്റം ചെയ്യാൻ തൊഴിലാളികൾ മുതിർന്നില്ല. ആരെയും ഉപദ്രവിക്കരുതെന്ന് തൊഴിലാളികൾക്ക് പ്രത്യേകം നിർദേശം ലഭിച്ചിരുന്നു. നിവൃത്തി ഇല്ലെങ്കിൽ മാത്രമേ സമരക്കാരുടെ നേരേ ബലം പ്രയോഗിക്കാവൂ എന്നാണ് നിർദേശിച്ചിരുന്നത്. എന്നാൽ ബലം പ്രയോഗിക്കലിന്റെ ആവശ്യം വേണ്ടിവന്നില്ല. വൻ പോലീസ് സംഘമാണ് പിന്നാലെ എത്തിയത്.
സമരക്കാർ ചതിക്കപ്പെട്ടതാണെന്ന് ബോധ്യമായ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ കുറച്ച് പേരെ മാത്രം കസ്റ്റഡിയിലെടുക്കാനും മറ്റുള്ളവരെ എസ്റ്റേറ്റിന് പുറത്തേക്ക് വിരട്ടിയോടിക്കാനുമാണ് നിർദേശം നൽകിയത്. 27പേരെ കസ്റ്റഡിയിലെടുത്ത പോലീസ് മറ്റുള്ളവരെ വിരട്ടിയോടിച്ചു. സമരക്കാരിൽ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. കസ്റ്റഡിയിലെടുത്ത 27 പേരിൽ 20 പേർ സ്ത്രീകളാണ്. ഇവരെയെല്ലാം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കോതമംഗലം, പാലക്കാട്, തൊടുപുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു സമരക്കാർ.
1200രൂപ അംഗത്വ ഫീസ് നൽകി സാമൂഹ്യ സമത്വ ജനാധിപത്യ വേദി എന്ന സംഘടനയിൽ അംഗങ്ങളായവരാണ് തങ്ങളെന്ന് സമരക്കാർ പോലീസിന് മൊഴി നൽകി. തൊടുപുഴയിൽ ചേർന്ന യോഗത്തിലാണ് ചെറുവള്ളി എസ്റ്റേറ്റിൽ ഭൂമി ലഭിക്കുമെന്നു പറഞ്ഞ് സമരക്കാരെ ഇവിടെയെത്തിച്ചത്.