ലോട്ടറി നറുക്കെടുപ്പ് ലൈവിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഭാഗ്യശാലികളുടെ കൂട്ടത്തിൽ തന്റെ പേരും കണ്ട് തുള്ളിച്ചാടി റിപ്പോർട്ടർ. സ്പെയിനിലെ പ്രശസ്തമായ എല്‍ ഗോര്‍ഡോ ക്രിസ്മസ് ബംപർ ലോട്ടറിയുടെ നറുക്കെടുപ്പിനിടെയാണ് സംഭവം. ആര്‍ടിവിഇ ചാനലിലെ റിപ്പോർട്ടറായ നതാലിയ എസ്ക്യുഡെറോയ്ക്കാണ് ലോട്ടറിയടിച്ചത്.
വിജയികളുടെ പേരുകൾ വായിക്കുന്നതിനിടെയാണ് 40 ലക്ഷം യൂറോ കിട്ടിയവരുടെ കൂട്ടത്തില്‍ നതാലിയ സ്വന്തം പേരു കണ്ടത്. ആദ്യമൊന്ന് ഞെട്ടിയ അവർ പിന്നെ തുള്ളിച്ചാടി. ആഘോഷത്തിനിടെ തത്സമയം തന്റെ രാജിയും പ്രഖ്യാപിച്ചു. എന്നാൽ ആവേശമടങ്ങിയപ്പോൾ ഒന്നുകൂടി നോക്കിയപ്പോഴാണ് സംഗതിയുടെ കിടപ്പുവശം മനസിലായത്. സമ്മാനം മറ്റു വിജയികളുമായി പങ്കിടേണ്ടതായിരുന്നു. അതായത്, 40 ലക്ഷം യൂറോയിൽ വെറും നാലായിരം യൂറോ മാത്രമെ നതാലിയയ്ക്കു ലഭിക്കൂ.
ഇതോടെ നതാലിയ ട്വിറ്റരിൽ ഖേദപ്രകടനവുമായി എത്തി. കുറച്ചുനാളുകളായി ചില സ്വകാര്യ വിഷമങ്ങളിലായിരുന്നുവെന്നും പെട്ടെന്ന് ഭാഗ്യം വന്നപ്പോൾ പരിസരം മറന്നുപോയെന്നുമാണ് നതാലിയയുടെ വിശദീകരണം.