ക്രിസ്മസിന് ആരുമറിയാതെ വീട്ടിൽ സ്പെഷൽ അതിഥിയെത്തി; ക്രിസ്മസ് ട്രീയിൽ കൂടുകൂട്ടി സുഖവാസം

ക്രിസ്മസ് ട്രീ ഇല്ലാത്ത ക്രിസ്മസ് അലങ്കാരത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. എല്ലാ വീടുകളിലും പുൽക്കൂടിനൊപ്പം വർണവിളക്കുകളും അലങ്കാരങ്ങളും നിറഞ്ഞ ക്രിസ്മസ് ട്രീ ഉണ്ടാകും. ഇത്തരത്തിൽ പുൽക്കൂടിനൊപ്പം അലങ്കരിക്കാൻ ക്രിസ്മസ് ട്രീ വാങ്ങിയ ജോർജിയയിലെ ഒരു കുടുംബത്തിന്‍റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഡിസംബർ ആദ്യവാരത്തിലാണ് കാറ്റി മക്ബ്രൈഡ് എന്ന വീട്ടമ്മയും മകളും കടയിൽ നിന്ന് ക്രിസ്മസ് ട്രീ വാങ്ങുന്നത്. പച്ചപ്പ് കൂടുതലുള്ള ട്രീ തന്നെ അവർ സ്വന്തമാക്കി. വീട്ടിൽ കൊണ്ടുവന്ന് വർണഗോളങ്ങളും മാലബൾബുകളും തൂക്കി ട്രീ അവർ അലങ്കരിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം വെറുതെ ട്രീയിലേക്ക് നോക്കിയപ്പോഴാണ് അവർ ആ കാഴ്ച കണ്ടത്. ട്രീയുടെ ശിഖരത്തിൽ കൂടുകൂട്ടി ഒളിച്ചിരിക്കുന്ന ഒരു വലിയ മൂങ്ങ.

ആദ്യമൊന്നു ഞെട്ടിയ വീട്ടുകാർ മൂങ്ങയ്ക്ക് പുറത്തേക്ക് പോകാൻ വാതിലുകളും ജനാലകളും തുറന്നിട്ടു. എന്നാൽ അത് പുറത്തുപോകാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് അവർ അടുത്തുള്ള പരിസ്ഥിതിപ്രവർത്തകനെ വിവരമറിയിച്ചു. അയാൾ മൂങ്ങ‍യെ കൊണ്ടുപോകുകയും ചെയ്തു. ക്രിസ്മസ് അതിഥിയായി എത്തിയ മൂങ്ങയെ വളർത്താൻ തങ്ങൾ ഒരുക്കമായിരുന്നുവെന്നും എന്നാൽ അതിന് എന്തു ഭക്ഷണമാണ് കൊടുക്കേണ്ടത് എന്നുപോലും അറിയില്ലെന്നും കാറ്റി മക്‌ബ്രൈഡ് പറഞ്ഞു.

Related posts